ചന്ദ്രിക കള്ളപ്പണകേസ്: ഇ.ഡിക്ക് മുന്നില്‍ നാളെ ഹാജരാകാനാകില്ല; സാവകാശം തേടി കുഞ്ഞാലിക്കുട്ടി

pk kunhalikutty
 


കൊച്ചി: ചന്ദ്രിക ദിനപ്പത്രത്തിന്‍റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. നാളെ ഹാജരാകാന്‍ കഴിയില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഇഡിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ഇ.ഡി മറുപടി നല്‍കിയിട്ടില്ലെന്നാണ് സൂചന.

കുഞ്ഞാലിക്കുട്ടിയോട് നാളെ ഹാജരാകാനാണ് ഇഡി നോട്ടീസ് നൽകി ആവശ്യപ്പെട്ടിട്ടുള്ളത്. മകൻ ആഷിഖിനും ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. 

ചന്ദ്രിക സാമ്പത്തിക കേസിൽ മുൻ മന്ത്രി കെ ടി ജലീലിനെ മൊഴിയെടുക്കാനും തെളിവുകൾ ശേഖരിക്കുന്നതിനും വേണ്ടി ഇഡി ഇന്ന് നോട്ടീസ് നൽകി വിളിപ്പിച്ചിരുന്നു. ജലീലാണ് കുഞ്ഞാലിക്കുട്ടിയെയും മകനെയും ഇഡി വിളിപ്പിച്ചെന്ന വിവരവും മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണമാണ് നോട്ട് നിരോധന കാലയളവിൽ ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവിൽ വെളുപ്പിച്ചതെന്നാണ് കേസിലെ പ്രധാന ആരോപണം.
 
കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായ വിവരങ്ങളും തെളിവുകളും നല്‍കി നാല് മണിയോടെയാണ് ജലീല്‍ മടങ്ങിയത്. ചന്ദ്രിക ദിനപത്രത്തെയും ലീഗിനെയും മറയാക്കി കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന ആരോപണം കെ.ടി ജലീല്‍ ആവര്‍ത്തിച്ചു.  

അതേസമയം, മറ്റ് പലരുടേയും സാമ്പത്തിക വിവരങ്ങളെ കുറിച്ചുള്ള കാര്യവും ഇ.ഡി, കെ ടി ജലീലിനോട് ചോദിച്ചറിഞ്ഞിട്ടുണ്ട്. ഇതിന് ആധാരമായ രേഖകള്‍ താന്‍ ഇ.ഡിക്ക് നല്‍കിയെന്നും ജലീല്‍ വ്യക്തമാക്കി.