ധീരജിൻ്റെ മരണകാരണം നെഞ്ചിലേറ്റ മുറിവ്; ശരീരത്തില്‍ മര്‍ദ്ദനമേറ്റതിൻ്റെ ചതവുകള്‍; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

idukki engineering sfi worker dheeraj

പൈനാവ്: ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിൻ്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ധീരജിൻ്റെ നെഞ്ചിലേറ്റ ആഴത്തിലുള്ള ഒറ്റമുറിവാണ് മരണകാരണമെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

ഇടത് നെഞ്ചിന് താഴെയായി കത്തികൊണ്ട് 3 സെന്റിമീറ്റര്‍ ആഴത്തിലാണ് കുത്തേറ്റിട്ടുള്ളത്. കുത്തേറ്റ് ഹൃദയത്തിൻ്റെ അറ തകർന്നു. ഒരു കുത്ത് മാത്രമാണ് ശരീരത്തിലുള്ളത്. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിൻ്റെ  ചതവുകളുണ്ടെന്നും പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ഇടുക്കി എസ് പി കറുപ്പസ്വാമി പറഞ്ഞു. നിഖില്‍ പൈലി, ജെറിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കോളജില്‍ എത്താനിടയായ കാരണങ്ങള്‍ അടക്കം പരിശോധിച്ചു വരികയാണ്.

കൊലപാതകവുമായി ബന്ധപ്പെട്ട് ഏതാനും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇതൊന്നും ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. രണ്ടു മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ ഇവര്‍ കേസിലെ പ്രതികളാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും കറുപ്പസ്വാമി വ്യക്തമാക്കി. സ്വയരക്ഷയ്ക്കാണ് കത്തി കയ്യില്‍ കരുതിയതെന്നാണ് അറസ്റ്റിലായ മുഖ്യപ്രതി നിഖില്‍ പൈലി പോലീസിനോട് പറഞ്ഞത്.

മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് കോളജില്‍ എത്തിയതെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നിഖില്‍ പറഞ്ഞു. കോണ്‍ഗ്രസ് ഇടുക്കി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ആണ് കേസില്‍ അറസ്റ്റിലായ ജെറിന്‍ ജോജോ. നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തി. വധശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് ജെറിന്‍ ജോജോയ്‌ക്കെതിരെ കേസ്. ഇരുവരുടേയും പങ്ക് വ്യക്തമായെന്നും കുറ്റം സമ്മതിച്ചെന്നും പോലീസ് പറഞ്ഞു. ധീരജിൻ്റെ കൊലപാതകം രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നെന്നാണ്  പോലീസിൻ്റെ എഫ്‌ഐആര്‍.