ഹൈദരാബാദിൽ നിക്ഷേപകരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

pinarayi vijayan

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിന് തെലങ്കാനയിലെ വ്യവസായ പ്രമുഖരുമായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ  നേതൃത്വത്തിലുള്ള സംഘം ഇന്നു ചര്‍ച്ച നടത്തും. വൈകുന്നേരം 4.30ന് ഹൈദരാബാദിലാണ് ചര്‍ച്ച. അന്‍പതോളം പ്രമുഖ വ്യവസായികള്‍ യോഗത്തില്‍ പങ്കെടുക്കും.

ചീഫ് സെക്രട്ടറിയും സംസ്ഥാനത്തിൻ്റെ  വ്യവസായ വകുപ്പ് സെക്രട്ടറി ഇളങ്കോവന്‍ അടക്കുമുള്ളവര്‍ തെലുങ്കാനയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. പങ്കെടുക്കുന്നത് ഫർമസ്യുട്ടിക്കൽ, ബിയോടെക്നോളജി, ഇൻഫ്രാ സ്ട്രക്ചർ കമ്പനികളാണ്. തെലുങ്കാനയിൽ നിന്നും ഒരു വ്യവസായിയെ എങ്കിലും കേരളത്തിലേക്കെത്തിക്കാനാണ് സർക്കാറിൻ്റെ ശ്രമം. കേരളത്തില്‍ നിന്നും കിറ്റക്സ് തെലുങ്കാനയില്‍ നിക്ഷേപം നടത്താൻ ഒരുങ്ങുന്നതിനിടെയാണ് തെലുങ്കാനയില്‍ നിന്നും കേരളം നിക്ഷേപകരെ ക്ഷണിക്കുന്നത്.

കേരളത്തിൻ്റെ വ്യവസായ അന്തരീക്ഷവും സാധ്യതകളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ചയില്‍ വിശദീകരിക്കും. വ്യവസായ മേഖലയിലെ നിയമപരിഷ്‌കരണങ്ങള്‍, ഡിജിറ്റല്‍വല്‍ക്കരണം, നടപടി ക്രമങ്ങളിലെ ലളിതവല്‍ക്കരണം തുടങ്ങിയ കാര്യങ്ങളും വ്യവസായ പ്രമുഖര്‍ക്കു മുന്നില്‍ അവതരിപ്പിക്കും.