മുഖ്യമന്ത്രി നേരിട്ടു വിളിച്ചു; സമരം പിന്‍വലിച്ച് വ്യാപാരികള്‍

pinarayi.

തിരുവനന്തപുരം: നാളെ മുതല്‍ 14 ജില്ലകളിലും കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി വ്യാപാരികള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ വിളിച്ച് സംസാരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും  വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു. 

അതേസമയം, സംസ്ഥാനത്ത് എല്ലാ ദിവസവും കടകള്‍ തുറന്ന് പ്രവര്‍ത്തക്കണമെന്ന് എന്നാവശ്യപ്പെട്ട് വ്യാപാര സംഘടനകള്‍ കോഴിക്കോട് കളക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് സംസ്ഥാനത്ത് നാളെ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചത്. എന്നാല്‍ സമരം നടത്തുകയാണെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് കളക്ടര്‍ വ്യക്തമാക്കിയിരുന്നു.  

സിപിഎമ്മിന്റെ മുന്‍ എംഎല്‍എയും വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റുമായ വികെസി മമ്മദ് കോയയാണ് കട തുറക്കുന്ന പ്രശ്‌നത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തിയത്. എല്ലാ ദിവസവും കടകള്‍ തുറക്കുന്ന രീതിയില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും വികെസി മമ്മദ് കോയ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് കടകള്‍ തുറക്കുന്നതിനോട് യോജിപ്പില്ലെന്നാണ് വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു പറഞ്ഞു.