മുട്ടില്‍ മരംമുറി കേസ്: മുഖ്യമന്ത്രിയ്ക്കൊപ്പം ഫോട്ടോയെടുത്തെന്ന് കരുതി ഒരാളെയും സംരക്ഷിക്കില്ല: പിണറായി

pinarayi
 

തിരുവന്തപുരം: മുഖ്യമന്ത്രിയ്ക്കൊപ്പം ഫോട്ടോ എടുത്തു എന്നതിന്റെ പേരില്‍ കുറ്റവാളികള്‍ക്ക് സംരക്ഷണം കിട്ടില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. മുട്ടില്‍ മരം മുറി കേസുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഒരു കുറ്റവാളിയെയും സംരക്ഷിക്കില്ല. മരംമുറി കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുകയാണ്. എന്‍റെ കൂടെ ഫോട്ടോ എടുത്തു എന്ന കാരണത്താല്‍ കുറ്റം ചെയ്തയാള്‍ക്ക് അന്വേഷണത്തില്‍ ഇളവ് കിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സംരക്ഷിക്കപ്പെടില്ല. ആരോപണവിധേയനായ മാദ്ധ്യമപ്രവര്‍ത്തകനെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

'അയാള്‍ ആ ദിവസം വീട്ടില്‍ വന്നിരുന്നു എന്നത് ശരിയാണ്. ഒരു കൂട്ടര്‍ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. എനിക്കും ഒരു ഫോട്ടോ വേണമെന്ന് അയാള്‍ പറഞ്ഞു. അങ്ങനെ ഫോട്ടോ എടുത്തു എന്നുള്ളത് സത്യമാണ്' -മുഖ്യമന്ത്രി വ്യക്തമാക്കി.

മുട്ടില്‍ മരം മുറിക്കേസ്​ അട്ടിമറിക്കാന്‍ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നാണ് മാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മടത്തിനെതിരെ ഉയര്‍ന്ന ആരോപണം. 24 ന്യൂസ്​ ചാനലി​െന്‍റ മലബാര്‍ റീജനല്‍ ചീഫായിരുന്ന​ ദീപക്​ ധര്‍മടത്തിനെ ഇതേത്തുടര്‍ന്ന് ചാനല്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. മുഖ്യമന്ത്രിയുമൊത്തുള്ള ദീപക് ധര്‍മടത്തിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.