നാര്‍ക്കോട്ടിക് ജിഹാദെന്ന് കേള്‍ക്കുന്നത് ആദ്യമായി; മതപരമായ വേര്‍തിരിവ് ഉണ്ടാക്കരുത്; പാലാബിഷപ്പിനോട് മുഖ്യമന്ത്രി

pinarayi.
 


തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത സ്ഥാനത്തുള്ളവര്‍ ഇത്തരത്തിലുള്ള വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് ഉണ്ടാകാതിരിക്കാന്‍ നോക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാര്‍ക്കോട്ടിക് ജഹാദ് എന്ന വാക്ക് ആദ്യമായി കേള്‍ക്കുകയാണ്. ബിഷപ്പ് ഇത്തരമൊരു പ്രസ്താവന നടത്തിയത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമല്ല, ഉദ്ദേശിച്ചത് എന്താണെന്നും വ്യക്തമല്ല. ബഹുമാന്യനായ ഒരു പണ്ഡിതനും സമൂഹത്തില്‍ സ്വാധീനമുളള വ്യക്തി എന്ന നിലയിലും ചേരിതിരുവുണ്ടാകാതിരിക്കുകയാണ് പ്രസ്താവനകള്‍ നടത്തുമ്ബോള്‍ പ്രധാനം. സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുമ്ബോള്‍ മതപരമായ ചേരിതിരിവുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നര്‍ക്കോട്ടികിന്റെ പ്രശ്‌നം ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തെ ബാധിക്കുന്നതാണെന്ന് കരുതുന്നില്ല. സമൂഹത്തെ ആകെ ബാധിക്കുന്ന പ്രശ്‌നമാണത്. നര്‍ക്കോട്ടികിനെ തടയാന്‍ കഴിയാവുന്ന വിധത്തില്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. നിയമനടപടികള്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. നര്‍ക്കോട്ടികിന് ഏതെങ്കിലും മതത്തിന്റെ നിറം ഉണ്ടെന്ന് കാണരുത്. അതിനുള്ള നിറം സാമൂഹിക വിരുദ്ധതയുടെ നിറമാണ്. ഒരു മതവും മയക്കു മരുന്നിനെ പ്രോത്സാഹിപ്പിക്കരുത്. ആ നിലപാടാണ് സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


കേരളത്തില്‍ ലൗ ജിഹാദിനൊപ്പം മയക്കുമരുന്ന് നല്‍കി വശീകരിക്കുന്ന നാര്‍ക്കോട്ടിക് ജിഹാദും സജീവമാണെന്നും ഇതിന് വേണ്ടി പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നുമായിരുന്നു പാലാ ബിഷപ്പിന്റെ പ്രസ്താവന. 

ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് വിവിധ മുസ്ലീം സംഘടനകള്‍ ഉയര്‍ത്തുന്നത്. ബിജെപി ബിഷപ്പിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. ബിഷപ്പ് ഹൗസിലേക്ക് ഇന്ന് വിവിധ സംഘടകള്‍ മാര്‍ച്ച് നടത്തുകും ചെയ്തിരുന്നു.