'ജമാഅത്തെ ഇസ്‌ലാമി - ആ‌ർഎസ്എസ് ചർച്ച ആ‍ർക്ക് വേണ്ടി?; കോൺഗ്രസ്-ലീഗ്-വെൽഫയർ ത്രയത്തിന് പങ്കുണ്ടോ?'- മുഖ്യമന്ത്രി

pinarayi
 

കാസര്‍കോട്: ജമാഅത്തെ ഇസ്ലാമിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജമാഅത്തെ ഇസ്ലാമിയും ആര്‍.എസ്.എസ്സും തമ്മില്‍ എന്ത് കാര്യമാണ് ചര്‍ച്ച ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ ജനങ്ങളിത് ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയുടെ ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .

നമ്മുടെ രാജ്യത്ത് സംഘപരിവാര്‍ എന്താണെന്ന് പ്രത്യേകം വിശദീകരിക്കേണ്ട ആവശ്യമില്ല. തങ്ങൾക്ക് ഇഷ്ടമല്ല എന്ന് കണ്ടാൽ കൊന്നു തള്ളുന്നതിന് മടിയില്ലെന്ന് എത്രയോ സംഭവങ്ങളിലൂടെ സംഘപരിവാ‍ർ തെളിയിച്ചിരിക്കുന്നു. രണ്ട് പേരെ ചുട്ടുകൊന്നത് ഈയടുത്താണ്. അവ‌‍ർ മുസ്ലിങ്ങളായത് കൊണ്ട് മാത്രമാണ് ചുട്ടുകൊലപ്പെടുത്തിയത്. ജമാഅത്തെ ഇസ്ലാമി - ആ‌ർ എസ് എസ് ചർച്ച ആ‍ർക്ക് വേണ്ടിയാണെന്നും അദ്ദേഹം ചോദിച്ചു.

ജമാഅത്തെ ഇസ്‌ലാമിക് വെൽഫെയർ പാർട്ടി എന്നൊരു രൂപമുണ്ട്. അവർ കോൺഗ്രസിന്റെയും ലീഗിന്റെയും കൂടെ അണിനിരക്കുവരാണ്. ഈ ത്രയത്തിന് ആർഎസ്എസുമായുള്ള ചർച്ചയിൽ എന്തെങ്കിലും പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കെപിസിസി പ്രസിഡന്റ് തന്നെ താൻ വേണമെങ്കിൽ ബിജെപിയിൽ പോകും എന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ താൽപര്യമുള്ള പലരും കോൺഗ്രസിലുണ്ട്. ജമാഅത് ഇസ്‌ലാമി കൂടെ ഉണ്ടാകണമെന്ന് ലീഗിലെ ഒരു വിഭാഗത്തിനുണ്ട്. ജമാഅത്- ആർഎസ്എസ് ചർച്ചയിൽ കൊൺഗ്രസ്, ലീഗ് നേതാക്കൾക്ക് പങ്കുണ്ടോ എന്ന് വ്യക്തമാക്കണം- മുഖ്യമന്ത്രി പറഞ്ഞു
 
കോണ്‍ഗ്രസിലെ ഒരു വിഭാഗം സംഘപരിവാറിനോട് മൃദുനിലപാട് സ്വീകരിക്കുന്നവരാണ്. അങ്ങനെ ചിന്തിക്കുന്ന ഒട്ടനവധി പേര്‍ അതിനകത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും പരസ്പര പൂരകങ്ങളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.