'ചോദ്യങ്ങളെ ഞാൻ ഭയപ്പെട്ടിട്ടുണ്ടോ? ഇടിച്ച് താഴ്ത്താൻ കുടുംബാംഗങ്ങളെ പോലും വലിച്ചിഴയ്ക്കുന്നു': മുഖ്യമന്ത്രി

തിരുവനന്തപുരം: ചോദ്യങ്ങളെ ഭയപ്പെട്ടിട്ടല്ല മാധ്യമങ്ങളെ കാണാതിരുന്നതെന്നും അതിന് കാരണമുണ്ടായിരുന്നെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. ഏഴ് മാസങ്ങള്‍ക്ക് ശേഷം വാര്‍ത്താസമ്മേളനം നടത്തിയ മുഖ്യമന്ത്രി മാസപ്പടി വിവാദത്തിലും പുതുപ്പള്ളി തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ചും പ്രതികരിച്ചു. മകള്‍ വീണാ വിജയനിലൂടെ തന്നിലേക്കെത്താനാണ് ആദായ നികുതി വകുപ്പ് ശ്രമിച്ചതെന്നും മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
മാധ്യമങ്ങളെ ഒഴിവാക്കിയിട്ടില്ലെന്നും വാർത്താസമ്മേളനം നടത്തുന്നതിൽ "ഗ്യാപ്' വന്നതാണെന്നും പറഞ്ഞാണ് മുഖ്യമന്ത്രി ചോദ്യങ്ങളെ നേരിട്ടത്. എല്ലാകാലത്തും മാധ്യമങ്ങളെ കാണാറുണ്ടെന്നും ശബ്ദത്തിന് പ്രശ്നമുള്ളതിനാലാണ് ഇടവേള വന്നതെന്നും അദ്ദേഹം പറഞ്ഞു.
കരിമണൽ കമ്പനിയിൽ നിന്ന് മകൾ വീണാ വിജയന്റെ സ്ഥാപനത്തിന് "മാസപ്പടി' ലഭിച്ചെന്ന ആരോപണം മുഖ്യമന്ത്രി തള്ളി. സേവനം നൽകാതെയല്ലേ വീണയുടെ സ്ഥാപനത്തിന് സിഎംആര്‍എല്‍ പണം നൽകിയത് എന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. സിഎംആര്‍എല്‍ സിഎഫ്ഒയേ താൻ കണ്ടിട്ടേയില്ലെന്നും പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല. എങ്ങനെയെങ്കിലും പിണറായി വിജയനെ ഇടിച്ച് താഴ്ത്തണം, അതിന് കുടുംബാംഗങ്ങളെ ഉപയോഗിക്കുന്ന ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സിഎംആർഎല്ലിന്റെ രാഷ്ട്രീയ സംഭവനാ പട്ടികയിൽ ഉൾപ്പെട്ട നേതാക്കളിൽ താനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ പട്ടികയിൽ എന്റെ ചുരുക്കപേര് ഉണ്ടാകില്ല. പി.വി. എന്ന ചുരുക്കപ്പേരുള്ള എത്ര പേരുണ്ട് ഈ നാട്ടിലെന്നും ബിജെപി സർക്കാരിന്റെ ഉദ്യോഗസ്ഥർ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടിലെ ചുരുക്കപ്പേരിന്മേൽ അനുമാനം നടത്തിയതാകാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പുതുപ്പള്ളിയില്‍ എല്ലാവരും വിലയിരുത്തി കഴിഞ്ഞു. അതില്‍ വ്യത്യസ്തമായിട്ടല്ല തന്റെ പ്രതികരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉമ്മന്‍ചാണ്ടുയുടെ മരണവുമായി ബന്ധപ്പെട്ട ഒരു പ്രത്യേക സാഹചര്യമുണ്ട്. അതുകൊണ്ട് തന്നെ ആ തിരഞ്ഞെടുപ്പിന് അതിന്റേതായ പ്രത്യേകതയുണ്ട്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ അത് ദൃശ്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം