സിക വൈറസ്; രോഗവാഹകരായ ഈഡിസ് കൊതുകിന്‍റെ സാന്ദ്രത കൂടുതല്‍; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് മുഖ്യമന്ത്രി

pinarayi.

തിരുവനന്തപുരം: സിക്ക വൈറസ് വ്യാപനം അപ്രതീക്ഷിതമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവാഹകരായ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കേരളത്തില്‍ കൂടുതലാണ്. ഇത് ഗുരുതരമായ രോഗമല്ല. എന്നാൽ ഗർഭിണികളെ ബാധിച്ചാൽ കുഞ്ഞിന്‍റെ തലച്ചോറിന്‍റെ വരൾച്ച മുരടിക്കുന്ന ജന്മവൈകല്യം ഉണ്ടാകും. അപൂർവമായി സുഷുമ്ന നാഡിയെയും ബാധിക്കുമെന്ന്  മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തില്‍ സിക ബാധിച്ച യുവതിയില്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നത് ആശ്വാസകരമാണ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രോഗവാഹകരായ ഈഡിസ് കൊതുക് അധിക ദൂരം പറക്കില്ല. വീട്ടിലും ചുറ്റുപാടും കെട്ടിക്കിടക്കുന്ന വെള്ളം ശുചിയാക്കണം. കൊതുക് പെറ്റുകിടക്കുന്ന അവസരം ഒഴിവാക്കണം. വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യാനുള്ള ഡ്രൈ ഡേ എല്ലാ വീട്ടിലും നടത്തണം. കൊതുകുവല ഉപയോഗിച്ചും ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിച്ചും കൊതുകിനെ അകറ്റുന്ന തിരികളും ലേപനങ്ങളും ഉപയോഗിച്ചും കൊതുകിൽ നിന്നും രക്ഷ തേടണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. 


പ്രാണീ ജന്യ രോഗനിയന്ത്രണത്തിനായി ഹെല്‍ത്ത് സര്‍വീസസിന്റെ കീഴില്‍ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും പ്രവര്‍ത്തിക്കുന്ന വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം കൂടതല്‍ ശക്തിപ്പെടുത്തും. ചേര്‍ത്തലയിലും കോഴിക്കോടും പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെയും ഇന്ത്യന്‍കൗണ്‍സില്‍ ഓഫ് റിസേര്‍ച്ചിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയത്തെ വെക്ടര്‍ കണ്‍ട്രോള്‍ റിസേര്‍ച്ച് സെന്ററിന്റെ സഹായവും കൊതുകു നിയന്ത്രണത്തിനായി പ്രയോജനപ്പെടുത്തും. മുഖ്യമന്ത്രി വ്യക്തമാക്കി.