മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തെറ്റ്; കെ റെയില്‍ പരിസ്ഥിതി ദുരന്തമുണ്ടാക്കും: ​ഇ ശ്രീധരന്‍

e sreedharan

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തെ ബാധിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. പാലങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഇരുഭാഗത്തേക്കും കോണ്‍ക്രീറ്റ് മതിലുകള്‍ വേണ്ടിവരും. കോണ്‍ക്രീറ്റ് മതിലുകള്‍ കടുത്ത പാരിസ്ഥിതിക നാശമുണ്ടാക്കും. വന്‍കിട പദ്ധതികളുടെ ഡിപിആര്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിയില്ലെന്ന വാദം ശുദ്ധനുണയാണെന്നും അദ്ദേഹം പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് വസ്തുതകള്‍ മറച്ചുവയ്ക്കുന്നത്. പദ്ധതിയുടെ എസ്റ്റിമേറ്റ് തുകയും കുറച്ചുകാണിക്കുകയാണ്. സില്‍വര്‍ ലൈന്‍ പദ്ധതി വലിയ പാരിസ്ഥിതിക പ്രത്യാഘ്യാതം ഉണ്ടാക്കുമെന്നും ഇ ശ്രീധരന്‍ ആരോപിച്ചു. ചെലവു കുറച്ചുകാട്ടിയും വസ്തുതകള്‍ മറച്ചുവച്ചും സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. പദ്ധതി നടപ്പാക്കിയാല്‍ കേരളം വിഭജിക്കപ്പെടില്ലെന്ന വാദം തെറ്റാണെന്നും ശ്രീധരന്‍ പറഞ്ഞു. 

പൗരപ്രമുഖരമായുള്ള കുടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണ്. സില്‍വര്‍ലൈന്‍ ഭൂമിയിലൂടെ പോകുന്ന ഭാഗങ്ങളിലെല്ലാം ട്രാക്കിൻ്റെ ഇരുവശത്തും മനുഷ്യരും മൃഗങ്ങളും കുറുകെ കടക്കാത്ത തരത്തില്‍ കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കേണ്ടിവരുമെന്ന് ശ്രീധരന്‍ ചൂണ്ടിക്കാട്ടി. ഇതിനായി വേലികള്‍ നിര്‍മിക്കുകയെന്നത് അപര്യാപ്തമാണ്. 

സില്‍വര്‍ലൈന്‍ ഭൂമിയിലൂടെ പോകുന്ന 393 കിലോമീറ്റര്‍ ഭാഗത്ത് ഭിത്തി കെട്ടുന്നത് കടുത്ത പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കു കാരണമാകും. വെള്ളം ഒഴുകിപ്പോകാനുള്ള സ്വാഭാവിക മാര്‍ഗങ്ങള്‍ തടസ്സപ്പെടും. പെട്ടെന്നു വെള്ളപ്പൊക്കമുണ്ടാകുന്ന കുട്ടനാടിൻ്റെ അവസ്ഥയാവും 393 കിലോമീറ്ററിലും ആവര്‍ത്തിക്കുക.

800 ഓളം റെയില്‍വേ റോഡ് ഓവര്‍ ബ്രിജ്/റോഡ് അണ്ടര്‍ ബ്രിജുകള്‍ നിര്‍മിക്കേണ്ടിവരും.  ഇതിന് 16000 കോടി ചെലവ് വരും. ഇത് എസ്റ്റിമേറ്റില്‍ കാണിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഭൂമിയും ഏറ്റെടുക്കേണ്ടതായി വരും. അതിനുള്ള ചെലവും കൂടും. വന്‍കിട പദ്ധതികളുടെ ഡിപിആര്‍ പുറത്തു വിടാറില്ലെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ല. പത്തോളം പദ്ധതികളുടെ ഡിപിആര്‍ താന്‍ തയാറാക്കിയതാണെന്നും അവയെല്ലാം പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നെന്നും ഇ ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.