കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം: സഹകരണ മേഖല ഇ.ഡി കൈകാര്യം ചെയ്യേണ്ടതില്ല; ജലീലിനെ തള്ളി മുഖ്യമന്ത്രി

pinarayi vijayan
 

തിരുവനന്തപുരം: എ.ആർ സഹകരണബാങ്ക് തട്ടിപ്പ് കേസ് ഇ.ഡി അന്വേഷിക്കണമെന്ന കെ.ടി ജലീലിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി. കേരളത്തിലെ സഹകരണ മേഖല ഇ.ഡി കൈകാര്യം ചെയ്യേണ്ടതില്ല. സാധാരണ ഗതിയിൽ ഉന്നയിക്കാൻ പാടില്ലാത്ത ആവശ്യമാണ് ജലീൽ ഉന്നയിച്ചത്. ഇ.ഡി ചോദ്യം ചെയ്ത ശേഷം ജലീലിന് ഇ.ഡിയിൽ വിശ്വാസം വർധിച്ചിട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രസ്തുത വിഷയത്തില്‍ സഹകരണവകുപ്പിന്റെ അന്വേഷണം നടക്കുന്നുണ്ടെന്നും നിലവില്‍ ഹൈക്കോടതി സ്‌റ്റേ ഉള്ളതിനാലാണ് മുന്നോട്ടുപോകാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെയുള്ള അന്വേഷണ ഏജന്‍സികള്‍ കൃത്യമായി അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഏ.ആര്‍ നഗര്‍ സഹകരണ ബാങ്ക് അഴിമതിയിലാണ് കെ.ടി ജലീല്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ചത്. ബാങ്കില്‍ കുഞ്ഞാലിക്കുട്ടിയും അടുപ്പക്കാരും തിരിമറി നടത്തിയെന്നായിരുന്നു ജലീല്‍ ആരോപിച്ചത്. ഇ.ഡിക്ക് നല്‍കിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതിന് ശേഷം വാര്‍ത്താ സമ്മേളനത്തിലും ജലീല്‍ ആവര്‍ത്തിക്കുകയായിരുന്നു.