'ഭാരത് ജോഡോ യാത്രയ്ക്ക് സംഭാവന കുറഞ്ഞുപോയി'; കോൺഗ്രസ് നേതാക്കൾ അക്രമിച്ചെന്ന് പരാതി

complaint of violence by entering the shop for not donating to the bharat Jodo Yatra
 


കൊല്ലം: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രക്ക് സംഭാവന നൽകിയില്ലെന്ന പേരിൽ കൊല്ലത്ത് കടയിൽ കയറി ആക്രമിച്ചെന്ന് പരാതി. കുന്നിക്കോട്ടെ പച്ചക്കറി വ്യാപാരിയായ അനസിന്‍റെ കടയിലാണ് അക്രമം. പ്രാദേശിക കോൺഗ്രസ് നേതാക്കളാണ് സാധനങ്ങൾ വലിച്ചെറിഞ്ഞതെന്നും അനസ് പറഞ്ഞു.

രണ്ടായിരം രൂപ രസീത് എഴുതിയെങ്കിലും 500 രൂപ മാത്രമേ തരാൻ കഴിയൂ എന്ന് കടയുടമ പറഞ്ഞതാണ് അക്രമത്തിന് കാരണം. ഇന്ന് വൈകിട്ടോടെയാണ് സംഭവം അരങ്ങേറിയത്. രാവിലെയാണ് 2000 രൂപ സംഭാവന രസീത് എഴുതിയത്. അത് പിരിക്കാനായി വൈകിട്ടോടെ എത്തിയതായിരുന്നു കോൺഗ്രസ് പ്രവർത്തകർ. തുടർന്നായിരുന്നു അക്രമം. 

സംഭവത്തിൽ കടയുടമകൾ കുന്നിക്കോട് പൊലീസിൽ പരാതി നൽകി. അതേസമയം സാധനങ്ങൾ വലിച്ചെറിഞ്ഞിട്ടില്ലെന്നും സിപിഎം നേതാക്കൾ ഭാരത് ജോഡോ യാത്രയെ ആക്ഷേപിക്കാൻ പ്രശ്നങ്ങളുണ്ടാക്കുകയാണെന്നുമാണ് വിലക്കുടി വെസ്റ്റ്  മണ്ഡലം കമ്മറ്റി പ്രസിഡന്‍റ് നൽകുന്ന മറുപടി.

  
അതേസമയം ഭാരത് ജോഡോ യാത്രക്ക് പുറമെ ‘ഗുജറാത്ത് മുതല്‍ അരുണാചല്‍ വരെ’ അടുത്ത യാത്ര പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. അടുത്ത വർഷം ആദ്യം യാത്ര തുടങ്ങുമെന്നും എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് കൊല്ലത്ത് പറഞ്ഞു. കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള 150 ദിവസം നീണ്ടുനിൽക്കുന്ന ഭാരത് ജോഡോ യാത്ര ഒരാഴ്ച തികയുമ്പോഴാണ് പുതിയ യാത്ര പ്രഖ്യാപിക്കുന്നത്.