കോവിഡ് പ്രതിരോധത്തില്‍ വാര്‍ഡുതല സമിതികള്‍ പിന്നോട്ടു പോയി; സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രായോഗികമല്ല: മുഖ്യമന്ത്രി

pinarayi.
 

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് സമ്പൂര്‍ണ അടച്ചിടല്‍ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിരോധ പ്രവര്‍ത്തനത്തില്‍ വാര്‍ഡുതല സമിതികള്‍ പുറകോട്ട് പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത തദ്ദേശപ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

ഒരു ഘട്ടംവരെ വാര്‍ഡുതല സമിതികള്‍ നന്നായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ വാര്‍ഡുതല സമിതികള്‍ പുറകിലോട്ട് പോയി. ജാഗ്രതയില്‍ കുറവ് വന്നു. അത് ശക്തമാക്കണം. 

വാര്‍ഡുതല സമിതികള്‍ ശക്തിപ്പെടുത്തിയുള്ള പ്രതിരോധ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ക്വാറന്റൈന്‍ ലംഘിച്ചാല്‍ കനത്ത പിഴ, ലംഘകരുടെ ചെലവില്‍ പ്രത്യേക ക്വാറന്റൈന്‍, ഇതിനായി പ്രത്യേക കേന്ദ്രം എന്നിവ ഒരുക്കും. വാര്‍ഡുതല സമിതികള്‍, അയല്‍പ്പക്ക നിരീക്ഷണം, സി.എഫ്.എല്‍.ടി.സികള്‍, ഡൊമിസിലറി കേന്ദ്രങ്ങള്‍, ആര്‍.ആര്‍.ടികള്‍ എല്ലാം വീണ്ടും ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.


സി.എഫ്.എല്‍.ടി.സികള്‍ പലയിടത്തും നിര്‍ജീവമാണ്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് അത് നടത്തിക്കാന്‍ സാമ്പത്തിക പ്രയാസമുണ്ടെങ്കില്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രണ്ടാഴ്ചക്കുള്ളില്‍ കോവിഡ് നിയന്ത്രണവിധേയമാവണം. രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് കൊണ്ടുവരാനാവണം. അതിനായി തദ്ദേശസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനം ഇന്ന് 18 വയസ്സിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷൻ 75 ശതമാനം പിന്നിട്ടു.  ഈ മാസത്തിനകം ഇത് 100 ശതമാനമാക്കാനുള്ള യജ്ഞത്തിനിടയിൽ വാക്സീൻ ക്ഷാമം വീണ്ടുമെത്തി. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കോവിഷീൽഡ് തീർന്നു. 1.4 ലക്ഷത്തോളം കോവാക്സിൻ ഉണ്ടെങ്കിലും കോവാക്സിൻ സ്വീകരിക്കാൻ ജനങ്ങൾക്കിടയിലെ വിമുഖത തടസ്സമാവുകയാണ്.