പാട്ടുചരിത്രത്തിൽ നിറഞ്ഞ് എ.കെ.ജി

akg
 

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷ വേളയിൽ സ്വാതന്ത്ര്യ സമര സേനാനിയും തൊഴിലാളി വർഗ്ഗ നേതാവുമായ എ.കെ.ജിയുടെ ജീവിതകഥ ആസ്പദമാക്കിയുള്ള ‘സഖാവ് എ.കെ.ജി’ എന്ന കഥാപ്രസംഗാവിഷ്‌ക്കാരത്തിന്റെ ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ഭാരത് ഭവൻ ശെമ്മങ്കുടി സ്മൃതി ഹൈക്യു തീയ്യറ്ററിൽ നടന്ന അവതരണത്തിന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും വിശിഷ്ടാതിഥിയായി എത്തിയ എക്‌സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്ററും ആശംസാ സന്ദേശം നൽകി. 

എഴാച്ചേരി രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉത്‌ഘാടന സമ്മേളനത്തിൽ ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ ആമുഖ ഭാഷണം നടത്തി. ഡോ.കെ. ഓമനക്കുട്ടി, പ്രൊ.എ.ജി. ഒലീന, റോബിൻ സേവ്യർ എന്നിവരും പങ്കെടുത്തു.

കേരളത്തിന്റെ മണ്ണിൽ നിന്നും സ്വാതന്ത്ര്യത്തിനും സ്ഥിതി സമത്വത്തിനും വേണ്ടി പോരാടിയ എ.കെ. ജി എന്ന ജനനായകന്റെ ജീവിത നാൾവഴികളെ വർത്തമാനകാല ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾക്ക് ഊർജ്ജം പകരും വിധം ജനകീയ കലയായ കഥാപ്രസംഗത്തിലൂടെ ആവിഷ്ക്കരിച്ചത് പ്രൊഫ. ചിറക്കൽ സലിം കുമാറാണ്. ഭാരത് ഭവനുവേണ്ടി മെമ്പർ സെക്രട്ടറി കാഥികനെ പൊന്നാട അണിയിച്ച് ആദരിച്ചു.  

എ.കെ.ജി യുടെ സമരപോരാട്ടങ്ങളുടെ നിറവാർന്ന ഓർമ്മകൾ കലാസ്വാദകർക്ക് സമ്മാനിക്കുന്നതായിരുന്നു പ്രൊഫ.സലിം കുമാറും സംഘവും അവതരിപ്പിച്ച രണ്ടു മണിക്കൂർ ദൈർഘ്യമുള്ള  ‘സഖാവ് എ.കെ.ജി’ എന്ന കഥാപ്രസംഗം. കഥാപ്രസംഗകലയുടെ കുലപതി പ്രൊഫ. വി. സാംബശിവന്റെ രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ശബ്ദരേഖയുടെ പശ്ചാത്തലത്തോടെയാണ് ഭാരത് ഭവന്റെ വേദിയിൽ കഥാപ്രസംഗത്തിന് തുടക്കമായത്.