കൊച്ചി കോര്‍പ്പറേഷനില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്

kochi corporation

കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ മേയറെ തടയാന്‍ ശ്രമിച്ചതോടെയാണ് പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചത്. യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. 

തുടര്‍ന്ന് പൊലീസ് വലയത്തിലാണ് മേയര്‍ എം അനില്‍കുമാര്‍ ഓഫീസിന് അകത്തുകടന്നത്. അതേസമയം, കോര്‍പ്പറേഷന്‍ ഓഫീസിന്റെ ഷട്ടര്‍ താഴ്ത്താന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇതേ തുടര്‍ന്ന്  കൗണ്‍സിലര്‍മാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. കൗണ്‍സിലര്‍മാര്‍ അല്ലാത്ത യുഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് ഓഫീസില്‍ നിന്ന് പുറത്താക്കി. അതേസമയം മേയര്‍ക്ക് പിന്തുണയുമായി ഗേറ്റിന് പുറത്ത് സിപിഎം പ്രവര്‍ത്തകര്‍ തമ്പടിച്ചിരുന്നു. അടിയന്തര കൗണ്‍സില്‍ യോഗം നടക്കാനിരിക്കെയാണ് സംഘര്‍ഷം ഉണ്ടായത്. തുടര്‍ന്ന് യോഗം ചേര്‍ന്ന് പെട്ടെന്ന് പിരിഞ്ഞു.