വാക്കേറ്റം, കസേര കൊണ്ട് തമ്മില്‍ത്തല്ല്; പിറവത്ത് കോണ്‍ഗ്രസുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

conflict in piravam congress
 

കൊച്ചി: എറണാകുളം പിറവത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. പിറവം മണ്ഡലം കമ്മിറ്റി യോഗത്തിനിടെയാണ് സംഭവം. സർക്കാരിനെതിരായ സമര പരിപാടികൾ ആലോചിക്കുന്നതിനാണ് യോഗം ചേർന്നത്. 

അതിനിടെ, പിറവം മുന്‍ നഗരസഭ ചെയര്‍മാന്‍ സാബു എം ജേക്കബിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. സാബു എം ജേക്കബിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടായി.  വിമത പ്രവർത്തനത്തന്‍റെ പേരിൽ സാബു ജേക്കബിനോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി അടുത്തയിടെ വിശദീകരണം തേടിയിരുന്നു. ഇക്കാര്യം ചർച്ച ചെയ്യണമെന്ന് യോഗത്തിൽ ഒരു വിഭാഗം ആവശ്യപ്പെട്ടതോടെയാണ് തർക്കം തുടങ്ങിയത്. 

ചര്‍ച്ചയിക്കിടെയുണ്ടായ വലിയ വാക്‌പോര് കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് പരസ്പരം കസേരകള്‍ കൊണ്ട് ആക്രമിച്ചു. പലരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാണി കോണ്‍ഗ്രസിനായി പ്രവര്‍ത്തിച്ചുവെന്നത് അടക്കമുള്ള ആരോപണങ്ങളാണ് സാബു ജേക്കബിനെതിരെ ഉയര്‍ന്നത്. നേതാക്കള്‍ ഇടപെട്ട് പ്രശ്‌നം താത്ക്കാലികമായി അവസാനിപ്പിച്ചിട്ടുണ്ട്.