കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം
തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം കടുപ്പിക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.
കരുവന്നൂർ ബാങ്ക് തട്ടിപ്പിനു പിന്നിൽ ഉന്നതർക്ക് പങ്കുണ്ട്. സംസ്ഥാന ഏജൻസികളുടെ അന്വേഷണത്തിൽ പുരോഗതിയില്ല. അതുകൊണ്ട് ഇതിനുപിന്നിലുള്ള എല്ലാവരെയും പിടികൂടുന്നതിനായി സിബിഐ അന്വേഷണത്തിന് സർക്കാർ തയാറാകണം. ഇതിനായി സർക്കാർ സിബിഐയോട് ആവശ്യപ്പെടണമെന്ന് സതീശൻ കത്തിൽ പറയുന്നു.
30 ലക്ഷം രൂപ നിക്ഷേപിച്ച ഫിലോമിനക്ക് ചികിത്സക്ക് പോലും പണം കിട്ടിയില്ല. ബാങ്കിൽ പണം നിക്ഷേപിച്ചവരെല്ലാം കടുത്ത ആശങ്കയിലാണ്. സഹകരണ ബാങ്കുകളിലെ നിക്ഷേപ സ്കീമിൽ ചില അപാകതകളുണ്ട്. അത് എത്രയും വേഗം കണ്ടെത്തി സർക്കാർ തിരുത്തണം. നിക്ഷേപ പദ്ധതികളിലെ അപാകതകൾ തിരുത്താൻ ഓർഡിനൻസ് വേണമെന്നും സതീശന് ആവശ്യപ്പെട്ടു.
മുൻ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എസി മൊയ്തീൻ അടക്കമുള്ളവരുടെ പങ്കിനെ കുറിച്ച് ആക്ഷേപമുയര്‍ന്ന സാഹചര്യത്തിൽ കൂടിയാണ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തെഴുതിയതെന്നതും ശ്രദ്ധേയമാണ്. എന്നാൽ അന്വേഷണ ആവശ്യത്തിൽ തൊടാതെയാണ് സര്‍ക്കാര്‍ നിലപാട്. എന്നാൽ അതേ സമയം, കരുവന്നൂരിലേത് ചെറിയ പ്രശ്നമായി സര്‍ക്കാര്‍ കാണുന്നില്ലെന്ന് സഹകരണമന്ത്രി വി.എൻ വാസവൻ വ്യക്തമാക്കുന്നു. വലിയ പ്രയാസമുണ്ടാക്കുന്ന കാര്യമാണ് കരുവന്നൂരിൽ ഉണ്ടായതെന്നും അതുകൊണ്ടാണ് ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ടതെന്നും ഇപി ജയരാജൻ പ്രതികരിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാങ്ക് മുന്‍ ജീവനക്കാരനായ എ.വി സുരേഷ് നൽകിയ ഹര്‍ജി ഹൈക്കോടതിയിലുണ്ട്. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേന്ദ്ര ഏജന്‍സി അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമായി പുരോഗമിക്കുന്നുവെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.