കോണ്‍ഗ്രസ് പാര്‍ട്ടി ജീവനേക്കാള്‍ വലുത്; ചാരുതാര്‍ത്ഥ്യത്തോടെ പടിയിറക്കമെന്ന് മുല്ലപ്പള്ളി

തന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഉപയോഗിച്ച് പണം തട്ടിപ്പ്; പരാതി നല്‍കി മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റായി കെ സുധാകരനെ തിരഞ്ഞെടുത്ത തീരുമാനം സ്വാ​ഗതം ചെയ്ത് മുല്ലപ്പള്ളി. എഐസിസിക്ക് അഭിനന്ദനങ്ങള്‍ നേരുന്നതായും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനായത് പടിയിറങ്ങുമ്പോഴുള്ള വലിയ സന്തോഷമെന്നും മുല്ലപ്പള്ളി പറഞ്ഞു.

പാര്‍ട്ടിയുടെ ആദര്‍ശങ്ങളും തത്വങ്ങളും മുറുകെ പിടിച്ച, കോണ്‍ഗ്രസിനെ പ്രാണവായുവായി കാണുന്ന പ്രവര്‍ത്തകരോട് നിസീമമായ നന്ദിയുണ്ട്. കേരളത്തിലെ പൊതുസമൂഹം രാഷ്ട്രീതാല്‍പര്യങ്ങള്‍ക്ക് അതീതമായി തനിക്കൊപ്പം നിന്നു. അവരോട് അകമഴിഞ്ഞ നന്ദിയുണ്ടെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. 

വളരെ സന്തോഷത്തോടെയാണ് പടിയിറങ്ങുന്നത്. ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ താന്‍ കണ്ടിട്ടുണ്ട്. പല പ്രതിസന്ധികളേയും കണ്ടിട്ടുണ്ട്. പാര്‍ട്ടിയാണ് തനിക്ക് ജീവനേക്കാള്‍ വലുത്. ആ പാര്‍ട്ടി പ്രതിസന്ധി ഘട്ടത്തിലൂടെ മുന്നോട്ടുപോവുമ്പോള്‍ പാര്‍ട്ടിയെ തികഞ്ഞ ഉത്തരവാദിത്തോടു കൂടി മുന്നോട്ടുകൊണ്ടുപോവേണ്ടത് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും ഉത്തരവാദിത്തമാണ്. 

പുതിയ പ്രസിഡന്‍റിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത മുല്ലപ്പള്ളി ചാരുതാര്‍ത്ഥ്യത്തോടെയാണ് പടിയിറങ്ങുന്നതെന്നും പറഞ്ഞു. ചെന്നിത്തലയും ഉമ്മൻചാണ്ടിയും നൽകിയ സഹായം മറക്കാൻ കഴിയില്ല. എല്ലാവര്‍ക്കും നന്ദി പറയുന്നു. ജീവനേക്കാള്‍ വലുത് പാര്‍ട്ടിയെന്നും മുല്ലപ്പള്ളി പറഞ്ഞു. 


തിരഞ്ഞെടുപ്പ് പരാജയം ഉണ്ടായതിനു പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. പുതിയ കെപിസിസി അധ്യക്ഷന് എല്ലാ ആശംസകളും അറിയിക്കുന്നുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.