സംസ്ഥാനത്ത് അഞ്ച് ജില്ലകളിലെ കോൺഗ്രസ് അധ്യക്ഷന്മാര്‍ ഇന്ന് ചുമതല ഏൽക്കും

GW

തിരുവനന്തപുരം: സംസ്ഥാനത്ത്  അഞ്ച് ജില്ലകളിലെ കോൺഗ്രസ് അധ്യക്ഷന്മാര്‍ കൂടി ഇന്ന് ചുമതല ഏൽക്കും. തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി പാലോട് രവി ഇന്ന്ചുമതല ഏൽക്കും. രാവിലെ 11നാണ് ചടങ്ങ്. കെ മുരളീധരൻ കൊടിക്കുന്നിൽ സുരേഷ് പി.ടി.തോമസ് എന്നിവർ സംസ്ഥാന നേതൃത്വത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും.  

തൃശ്ശൂർ ഡി സി സി പ്രസിഡന്‍റ് ആയി ജോസ് വള്ളൂർ ഇന്ന് ചുമതല എൽക്കും. രാവിലെ 10 മണിക്ക് നിലവിലെ പ്രസിഡന്റ് എം പി വിൻസെന്റിൽ നിന്നു ചുമതല സ്വീകരിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചടങ്ങിൽ പങ്കെടുക്കും. ജില്ലയിലെ 13 നിയമസഭാ സീറ്റുകളിൽ കോണ്ഗ്രസിന് ഒരു സീറ്റ് മാത്രമുള്ള സാഹചര്യത്തിൽ വലിയ വെല്ലുവിളികളാണ് പുതിയ ഡിസിസി പ്രസിഡന്‍റിനെ കാത്തിരിക്കുന്നത്.

കാസര്‍കോട് ഡിസിസിയുടെ പുതിയ പ്രസിഡന്‍റായി പി.കെ ഫൈസല്‍ ഇന്ന് ചുമതലയേല്‍ക്കും. രാവിലെ പത്തിന് ജില്ലാ ഡിസിസി ഓഫീസിലാണ് സ്ഥാനാരോഹണം. കണ്ണൂർ ഡിസിസി പ്രസിഡന്‍റായി മാർട്ടിൻ ജോർജ് ഇന്ന്ചുമതലയേൽക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് കോണ്‍ഗ്രസ് ഭവനിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും സ്ഥാനമേൽക്കൽ ചടങ്ങിൽ പങ്കെടുക്കും. 

എറണാകുളം ഡിസിസി പ്രസിഡന്‍റായി മുഹമ്മദ് ഷിയാസ്‍ ഇന്ന് ചുമതലയേല്‍ക്കും. വൈകിട്ട് 4 മണിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ സാന്നിധ്യത്തിലാകും ചുമതലയേല്‍ക്കുക. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ വയലാര്‍ രവി, ടിഎച്ച് മുസ്തഫ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. 

വയനാട് ജില്ല കോൺഗ്രസ്സ് കമ്മിറ്റിയുടെ അധ്യക്ഷനായി എൻഡി അപ്പച്ചൻ നാളെ ചുമതല ഏറ്റെടുക്കും. രാവിലെ 10.30ന് ഡിസിസി ഓഫീസിലാണ് സ്ഥാനാരോഹണം. നിലവിലെ ഡിഡിസി പ്രസിഡന്‍റ് ഐസി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് അഡ്വ. ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്യും.