×

സമരാഗ്നിക്ക് തുടക്കം; കേരളത്തില്‍ ഒരു സീറ്റു് പോലും ബിജെപിക്ക് കിട്ടില്ലെന്ന് കെ.സി.വേണുഗോപാൽ

google news
sd
കാസർഗോഡ്: കേരളത്തില്‍ ഒരു സീറ്റു പോലും ബിജെപിക്ക് കിട്ടില്ലെന്നും അതിന് കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന് എ ഐ സി സി ജനല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. കെ.പി സി സി പ്രസിഡണ്ട് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ നയിക്കുന്ന സമരാഗ്നി പ്രക്ഷോഭയാത്ര ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കെ സി വേണുഗോപാല്‍.


പുതിയ ദൗത്യവുമായി കാസർകോട് നിന്നും സമരാഗ്നി ആളിപ്പടരുകയാണ്. രാജ്യത്തെ 42 ശതമാനം ചെറുപ്പക്കാർ തൊഴിലില്ലായ്മ അനുഭവിക്കുന്നു. പത്ത് വർഷം കൊണ്ട് കർഷകർക്ക് ശരാശരി ഒരു ലക്ഷം രൂപയുടെ കടബാധ്യത വരുത്തി. എന്നിട്ട് ഇപ്പോൾ മോഡി ഗ്യാരൻ്റി പറയുന്നു, പറഞ്ഞ ഗ്യാരൻ്റികൾ എവിടെപ്പോയി?. ഈ തട്ടിപ്പ് ഗ്യാരൻ്റിയിൽ ഇന്ത്യാ രാജ്യം വീഴില്ല എന്ന് മോദി ഓർക്കണമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

മോദി സ്വന്തം ഭരണത്തിൻ്റെ ധവളപത്രം ഇറക്കാതെ യു പി എ ഭരണത്തിൻ്റെ ധവളപത്രം ഇറക്കിയത് പരിഹാസ്യമാണെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.
മോദി സ്വന്തം ഗ്യാരണ്ടി പറഞ്ഞ് ഇപ്പോള്‍ നടക്കുകയാണ്. യു.പി എ ഗവണ്‍മെൻ്റ് നടപ്പാക്കിയ ഭക്ഷ്യ സുരക്ഷാ നിയമമാണ് ജനങ്ങള്‍ക്ക് ലഭിച്ച ഗ്യാരണ്ടി.

ഇന്ത്യയുടെ കടം ഇരട്ടിയായി വർദ്ധിച്ചു. കോർപ്പറേറ്റുകളുടെ കടം എഴുതിത്തള്ളിയതാന്ന് മോദിയുടെ ഗ്യാരണ്ടി. മോദിയുടെ തട്ടിപ്പ് ഗ്യാരണ്ടിയില്‍ ജനം വിശ്വസിക്കില്ലെന്നും കെ സി പറഞ്ഞു.


മോദിയുടെ മുന്നില്‍ കവാത്ത് മറക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണറോട് ഏറ്റുമുട്ടാന്‍ എന്ത് ധാര്‍മികതയാണുള്ളതെന്ന് വേണുഗോപാല്‍ ചോദിച്ചു. ബം​ഗാൾ മോഡലിലേക്ക് സി.പി.എമ്മിനെ എത്തിക്കുന്നതിനായി ക്വട്ടേഷനെടുത്ത നേതാവാണ് പിണറായിയെന്നും വേണു​ഗോപാൽ ആരോപിച്ചു.  

കാസര്‍കോടൊക്കെ നല്ല കമ്യൂണിസ്റ്റുകളുള്ള നാടാണ്. കഴിഞ്ഞ തവണ അവരുകൂടെ സഹായിച്ചാണ് ഉണ്ണിത്താന്‍ ഇത്രയേറെ ഭൂരിപക്ഷത്തില്‍ ജയിച്ചത്. സി.പി.എം കമ്യൂണിസ്റ്റുകളുടെ ആദര്‍ശങ്ങള്‍ നടപ്പിലാക്കുന്ന പാര്‍ട്ടിയോണോ? ബം​ഗാൾ മോഡലിലേക്ക് സി.പി.എമ്മിനെ എത്തിക്കുന്നതിനായി ക്വട്ടേഷനെടുത്ത നേതാവാണ് പിണറായി വിജയൻ. അദ്ദേഹത്തിന് ബി.ജെ.പി വിരുദ്ധതയൊന്നുമില്ല. സ്വന്തക്കാരെ സംരക്ഷിക്കാനുള്ള ഏത് കാര്യത്തോടും സഹകരിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. കേരള സർക്കാർ ഡൽഹിയിൽ നടത്തുന്നത് നാടക സമരമാണ്. ദേശീയ തലത്തില്‍ മോദിയെ നേരിടുന്നത് കോണ്‍ഗ്രസ് മാത്രമാണെന്നും വേണുഗോപാല്‍ പറഞ്ഞു.

കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നയിക്കുന്ന യാത്രയുടെ ഭാഗമായി 14 ജില്ലകളിലായി 30 സമ്മേളനങ്ങൾ സംഘടിപ്പിക്കാനാണ് കോൺ​ഗ്രസിന്റെ തീരുമാനം. കോഴിക്കോട് കടപ്പുറത്തും കൊച്ചി മറൈന്‍ ഡ്രൈവിലും തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തും തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തും ഉള്‍പ്പെടെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സമ്മേളനങ്ങളുണ്ടാകും.

  
കര്‍ഷകര്‍, തൊഴിലാളികള്‍, യുവജനങ്ങള്‍, സ്ത്രീകള്‍, ജനകീയസമരങ്ങളില്‍ പങ്കെടുത്തവര്‍, കലാസാഹിത്യരംഗത്തെ പ്രമുഖര്‍, പോലീസിന്റെയും മാഫിയകളുടെയും അക്രമത്തിനിരയായവര്‍, ദുരിതമനുഭവിക്കുന്ന പ്രവാസികള്‍, ലൈഫ് ഉള്‍പ്പെടെയുള്ള ജനക്ഷേമ പദ്ധതിയില്‍നിന്ന്‌ തഴയപ്പെട്ടവര്‍, സാമൂഹികക്ഷേമ പെന്‍ഷന്‍ കിട്ടാത്തവര്‍ തുടങ്ങിയ എല്ലാ ജനവിഭാഗങ്ങളുമായി സംവദിക്കാനും പരാതികള്‍ കേള്‍ക്കുകയും ചെയ്യും.

പ്രധാന ജില്ലകളിൽ ഒന്നിലധികം പൊതുസമ്മേളനങ്ങളുണ്ടാകും. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ മൂന്നുവീതവും കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ രണ്ടുവീതവും കാസർകോട്, വയനാട്, പത്തനംതിട്ട ജില്ലകളില്‍ ഒന്നുവീതവും പൊതുസമ്മേളനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.

Read More...