നിരന്തരം വിവാഹാഭ്യര്‍ത്ഥന, വിസമ്മതിച്ചപ്പോള്‍ വാക്കേറ്റവും ഭീഷണിയും; സഹികെട്ടാണ് മകളുടെ വിവാഹം നടത്തിയതെന്ന് പിതാവ്

marriage
 

തിരുവനന്തപുരം: നെടുമങ്ങാട് പീഡനത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതിയെകൊണ്ട് തന്നെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ പിതാവിന്റെ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നാലു മാസത്തെ തടവുശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തി നിരന്തരം വിവാഹാഭ്യര്‍ത്ഥന നടത്തിയെന്നും വിസമ്മതിച്ചപ്പോള്‍ വാക്കേറ്റവും ഭീഷണിയും സ്ഥിരമായെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസിന് മൊഴി നല്‍കി. 
ഒടുവില്‍ സഹികെട്ടും ഭീഷണിയെ ഭയന്നുമാണ് മകളുടെ വിവാഹം നടത്തിയതെന്നും പിതാവ് പറഞ്ഞു. 

ബുധനാഴ്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചായിരുന്നു ശൈശവ വിവാഹം. സംഭവത്തില്‍ ഇതുവരെ മൂന്നുപേരാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത പനവൂര്‍ സ്വദേശി അല്‍ അമീര്‍, പെണ്‍കുട്ടിയുടെ അച്ഛന്‍, വിവാഹം നടത്തിക്കൊടുത്ത തൃശ്ശൂര്‍ സ്വദേശിയായ ഉസ്താദ് അന്‍സാര്‍ സാദത്ത് എന്നിവരാണ് പിടിയിലായത്. പോക്‌സോ, ശൈശവ വിവാഹ നിരോധന നിയമം എന്നിവ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. അമ്മ മരിച്ചുപോയ പെണ്‍കുട്ടിയെ പൊലീസ് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. 

അതേസമയം, 2021ല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് വരന്‍ അല്‍ അമീര്‍. രണ്ട് പീഡന കേസിലും അടിപിടി കേസിലും പ്രതിയാണിയാള്‍. പെണ്‍കുട്ടി സ്‌കൂളില്‍ ഹാജരാക്കാത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടില്‍ തിരക്കിയിരുന്നു. പിന്നീട് സമീപ വാസികളില്‍ നിന്നാണ് വിവാഹ കാര്യം അറിയുന്നത്. ഇതേ തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയെ കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് വിവാഹത്തെക്കുറിച്ച് കുട്ടി വെളിപ്പെടുത്തിയത്.