നഗരങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനം ത്വരിതമാകും; എല്ലാ നഗരസഭകളിലേക്കും ഐ ബി പി എം എസ്

h

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് നഗരസഭകളില്‍ പോകാതെ തന്നെ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് അപേക്ഷിക്കാനും പെര്‍മിറ്റ് ലഭ്യമാക്കാനും കഴിയുന്ന ഇന്റലിജന്റ് ബില്‍ഡിംഗ് പെര്‍മിറ്റ് മാനേജ്‌മെന്റ് സംവിധാനം കേരളത്തിലെ എല്ലാ നഗരസഭകളിലേക്കും വ്യാപിക്കുന്നു. തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സപ്തംബര്‍ 13 തിങ്കളാഴ്ച, വൈകുന്നേരം നാല് മണിക്ക് ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളിലും 87 നഗരസഭകളിലും ഐ ബി പി എം എസ് മുഖേന നിര്‍മ്മാണാനുമതി ലഭ്യമാകും.

നിലവില്‍ സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലും ആലപ്പുഴ, ഗുരുവായൂര്‍ നഗരസഭകളിലും മാത്രമേ ഈ സംവിധാനം പ്രാബല്യത്തിലുള്ളു. തിങ്കളാഴ്ചയോടെ എല്ലാ നഗരസഭകളിലും ഏറെ ജനകീയമായ സേവനം ലഭ്യമാവും.മുഖ്യമന്ത്രിയുടെ നൂറ് ദിന കര്‍മ്മപരിപാടികളില്‍ ഉള്‍പ്പെട്ട, തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ഒരു പ്രഖ്യാപനം കൂടി ഇതിലൂടെ നടപ്പാക്കപ്പെടുകയാണ്. 2019ലെ പരിഷ്‌കരിച്ച കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ക്കനുസൃതമായി അപേക്ഷകള്‍ പരിശോധിച്ച്, ചട്ടലംഘനങ്ങള്‍ ഒഴിവാക്കി, ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി, പരാതി രഹിതമായി അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ഐ ബി പി എം എസിന് സാധിക്കും. ലോ റിസ്‌ക് കാറ്റഗറിയിലുള്ള കെട്ടിടങ്ങള്‍ക്ക് സ്ഥപരിശോധന ഒഴിവാക്കിയുള്ള നിര്‍മാണാനുമതിയും ഇതിലൂടെ ലഭ്യമാവും.

കൃത്യവും നിയമാനുസൃതവുമായ അപേക്ഷകള്‍ മാത്രം സ്വീകരിക്കുകയും ഒട്ടും കാലതാമസമില്ലാതെ പെര്‍മിറ്റ് അനുവദിക്കാന്‍ കഴിയുന്നതുമായ സംവിധാനമാണ് നിലവില്‍ വരുന്നത്. ഓണ്‍ലൈനായി അപേക്ഷിക്കാനും ഫീസുകള്‍ അടക്കാനും പെര്‍മിറ്റ് ലഭ്യമാക്കാനും സാധിക്കുന്നതോടെ  സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ത്തുമ്പിലേക്കാണ് എത്തിച്ചേരുന്നത്.