'ഏഴാം ക്ലാസിന് മുകളിലുള്ള കുട്ടികൾക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകില്ലേ?'; അവധിയെച്ചൊല്ലി കലക്ടർക്കെതിരെ പ്രതിഷേധം‌

Controversy Over Holiday For Students Upto 7th Class In Kochi
 

കൊച്ചി: സ്‌കൂൾ അവധിയെച്ചൊല്ലി കലക്ടർ രേണു രാജിനെതിരെ പ്രതിഷേധം. പുക രൂക്ഷമായ സാഹചര്യത്തിൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് മാത്രം അവധി നൽകിയതിനെതിരെയാണ് പരാതി. ഏഴാം ക്ലാസിന് മുകളിലുള്ള കുട്ടികൾക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകില്ലേ എന്നാണ് ചോദ്യം. ഏതുപ്രായക്കാരിലും ശ്വാസതടസ്സമുണ്ടാകാമെന്നും മുഴുവൻ കുട്ടികൾക്കും അവധി നൽകണമെന്നുമാണ് ആവശ്യം. ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് അറിയിപ്പിന് താഴെയാണ് പരാതി പ്രവാഹം.


കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും തിങ്കളാഴ്ച ഏഴു വരെയുള്ള ക്ലാസുകള്‍ക്ക് ഞായറാഴ്ച വൈകിട്ടാണ് കലക്ടർ അവധി പ്രഖ്യാപിച്ചത്. കൊച്ചി കോര്‍പറേഷനിലും തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധികളിലുമാണ് അവധി ബാധകം. 

വടവുകോട്– പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലും ബാധകം. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലും അവധി ബാധകമായിരിക്കും. അങ്കണവാടികള്‍ക്കും ഡേ കെയറുകള്‍ക്കും അവധിയായിരിക്കും. അതേസമയം, പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കലക്ടര്‍ അറിയിച്ചിരുന്നു.
 
പ്ലാസ്റ്റിക് വിഷപ്പുകയിൽ മുങ്ങിയ കൊച്ചി നഗരത്തിൽ സർക്കാർ അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരുന്നു. പുക പടരാനുള്ള സാധ്യത കണക്കിലെടുത്ത് ബ്രഹ്മപുരത്തും സമീപ പ്രദേശങ്ങളിലും ആളുകൾ ഇന്നു വീട്ടിൽ തന്നെ കഴിയണമെന്നു കലക്ടർ ഡോ. രേണുരാജിന്റെ നിർദേശവുമുണ്ടായിരുന്നു. ഞായറാഴ്ചയായതിനാൽ അത്യാവശ്യമില്ലാത്ത കടകളും സ്ഥാപനങ്ങളും തുറക്കരുതെന്നും നിർദ്ദേശിച്ചിരുന്നു.