കുട്ടി കാനയിൽ വീണ സംഭവം: അഞ്ചുവയസുകാരനെ നഗ്നനായി നിലത്തുകിടത്തി യൂത്ത് കോൺഗ്രസ് പ്രതിഷേധം; വിവാദം

controversy over the presence of five year old in youth congress protest march at kochi
 

കൊച്ചി: എറണാകുളം പനമ്പള്ളി നഗറില്‍ കാനയില്‍ വീണ് കുട്ടിക്ക് പരുക്കേറ്റ സംഭവത്തില്‍  പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ സമരം വിവാദത്തില്‍. മേയര്‍ സ്ഥലത്തുണ്ടെന്ന ബാനറുമായി അഞ്ചുവയസുകാരനെ ഉടുപ്പിടാതെ നിലത്തുകിടത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ചുള്ളിക്കമ്പുകളും കുട്ടിയുടെ പുറത്തിട്ടിരുന്നു. കുട്ടിയെ ഇത്തരത്തില്‍ സമരത്തില്‍ പങ്കെടുപ്പിച്ചതാണ് വിമര്‍ശനത്തിന് വഴിവെച്ചത്.
 

മേയറെ ഉപരോധിക്കാനായിരുന്നു യൂത്ത് കോണ്‍ഗ്രസുകാര്‍ കോര്‍പറേഷനില്‍ എത്തിയത്. പ്രകടനമായാണ് ഇവര്‍ എത്തിയത്. തുടര്‍ന്ന് കോര്‍പറേഷന് മുന്നില്‍ കുത്തിയിരിക്കുകയും കുട്ടിയെ നിലത്തുകിടത്തുകയുമായിരുന്നു.

മൂന്നുവയസ്സുകാരന്‍ കാനയില്‍ വീണ സംഭവത്തോടുള്ള പ്രതിഷേധമായാണ് തങ്ങള്‍ സമരം ചെയ്തതെന്നും അഞ്ചുവയസ്സുകാരന്റെ അമ്മയാണ് സമരത്തിനായി കുട്ടിയെ കൊണ്ടുവന്നതെന്നും സമരക്കാര്‍ പറഞ്ഞു. നിയമ പ്രശ്നങ്ങൾ അറിഞ്ഞ് തന്നെയാണ് കുട്ടിയെ സമരത്തിന് കൊണ്ടുവന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു. 
 
മുന്‍പും കുട്ടി തങ്ങള്‍ക്കൊപ്പം സമരത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് യൂത്ത് കോണ്‍ഗ്രസുകാര്‍ മറുപടി നല്‍കി. നേരത്തെ വാട്ടര്‍ അതോറിറ്റിയുടെ സമരത്തില്‍ കുട്ടിയെ കുളിപ്പിച്ച് സമരം നടത്തിയിട്ടുണ്ടെന്നും മാധ്യമപ്രവര്‍ത്തകരോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

കൊച്ചി പനമ്പിള്ളി നഗറിൽ തുറന്ന് കിടക്കുന്ന കാനയിൽ വീണ് മൂന്ന് വയസ്സുകാരന് ഇന്നലെയാണ് പരിക്കേറ്റത്. പത്ത് വർഷമായി കൊച്ചിയിൽ താമസിക്കുന്ന കോട്ടയം സ്വദേശികളായ ഹർഷന്‍റെയും ആതിരയുടെയും മകനാണ്  മെട്രോ നഗരത്തിൽ വെച്ച് അപകടത്തിൽപ്പെട്ടത്. വീഴ്ചയിൽ കുഞ്ഞിന്‍റെ തലയ്ക്ക് പരിക്കുണ്ട്. അഴുക്കുവെള്ളം കയറിയതിനാൽ നെഞ്ചിൽ അണുബാധയുടെ ലക്ഷണങ്ങളുമുണ്ട്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ് കുഞ്ഞ്.

ചെളിവെള്ളത്തിൽ മൂക്കറ്റം മുങ്ങിയ കുരുന്നിനെ അമ്മയുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടല്‍ മൂലമാണ് രക്ഷിക്കാനായത്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനാണ് തോടിന് മുകളിൽ സ്ലാബിടാത്തതെന്നാണ് കോർപ്പറേഷൻ പറയുന്നത്. പ്രശ്നപരിഹാരത്തിന് പല പദ്ധതികളും അവതരിപ്പിച്ചെങ്കിലും ഫണ്ടില്ലെന്ന കാരണം പറഞ്ഞ് കോർപ്പറേഷൻ മുടക്കിയെന്നും കൗൺസിലർ പറയന്നു.