കോവിഡ് പ്രതിരോധത്തിൽ കേരളം പരാജയം, മികച്ചത് യു.പി: സാബു ജേക്കബ്

sabu
 

കൊച്ചി: കോവിഡ് പ്രതിരോധത്തിൽ കേരളത്തിനെതിരേ രൂക്ഷ വിമർശനവും ഉത്തർപ്രദേശിന് അഭിനന്ദനവുമായി കിറ്റക്സ് ഗ്രൂപ്പ് ചെയർമാൻ സാബു ജേക്കബ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടി പങ്കെടുത്ത ചാനൽ പരിപാടിയിൽവച്ചായിരുന്നു സാബു ജേക്കബിന്റെ പ്രതികരണം.

കേരള സർക്കാരിന്റെ കോവിഡ് നയം ശരിയല്ലെന്ന് സബ് ആരോപിച്ചു. സർക്കാർ അനാവശ്യമായി ലോക്ഡൗൺ ഏർപ്പെടുത്തുന്നു. പല മേഖലകളിലും അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ചെയ്യുന്നത്. വാക്സിൻ കൊണ്ട് മാത്രമാണ് കോവിഡിനെ പ്രതിരോധിക്കാൻ സാധിക്കുക. എന്നാൽ കേരള സർക്കാർ ജനങ്ങളുടെ മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടാണ് കോവിഡിനെ പ്രതിരോധിക്കുന്നതെന്നു സാബു ജേക്കബ് കുറ്റപ്പെടുത്തി. 

വ്യവസായത്തിനായി പണം മുടക്കുന്ന ആരും മനസ്സമാധാനമാണ് ആദ്യം പ്രതീക്ഷിക്കുക. യുപി ഇന്ത്യയിലെ രണ്ടാമത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാണ്. കുറച്ചു വര്‍ഷത്തിനിടെ ഒന്നാം സ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷ.

തന്റെ സ്ഥാപനത്തില്‍ യുപിയില്‍ നിന്നുള്ള നിരവധി ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. യുപിയില്‍ നിന്നു വന്ന ജീവനക്കാരില്‍ 50 പേരെ പരിശോധിച്ചാല്‍ ആര്‍ക്കും കോവിഡില്ല. യുപി സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിത്. എന്നാല്‍ കേരളത്തിലെ സ്ഥിതി മറിച്ചാണ്. 50 ജീവനക്കാരെ പരിശോധിച്ചാല്‍ 20 പേര്‍ക്കും കോവിഡ് പോസിറ്റീവാണ്, ജേക്കബ് പറഞ്ഞു. അതേസമയം, കിറ്റെക്‌സിനെ യോഗി ആദിത്യനാഥ് യുപിയിലേക്ക് സ്വാഗതം ചെയ്തു.