ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളെ വാക്‌സിനേഷന്‍ നിബന്ധനയില്‍ നിന്നും ഒഴിവാക്കും

students

തിരുവനന്തപുരം: 18 വയസ്സ് തികയാത്തതിനാല്‍ കോവിഡ് വാക്‌സിന്‍ എടുക്കാന്‍ പറ്റാത്ത ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളെ വാക്‌സിനേഷന്‍ നിബന്ധനയില്‍ നിന്നും ഒഴിവാക്കും‍. ഇത്തരത്തിലുള്ള വിദ്യാർഥികള്‍ക്കും കോളേജില്‍ വരാന്‍ അനുമതി ലഭിക്കും. ഇന്ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് നിലവില്‍ കോളേജുകളില്‍ ക്ലാസില്‍ വരാന്‍ അനുമതിയുള്ളത്. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ സമയമാകാത്ത വിദ്യാര്‍ഥികളെയും പ്രവേശിപ്പിക്കും. വാക്‌സിന്‍ എടുക്കാന്‍ വിമുഖതകാട്ടുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബോധവത്കരണം നടത്താനും യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.

സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തില്‍ നിര്‍ദ്ദേശിച്ചു. കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ മാത്രമല്ല കൂട്ടുകാരും നഷ്ടപ്പെട്ടിരിക്കുകയാണ്. ചിലര്‍ പ്രത്യേക മാനസികാവസ്ഥയിലായിട്ടുണ്ടാവാം. അത്തരക്കാര്‍ക്ക് കൃത്യമായ കൗണ്‍സിലിങ് ആവശ്യമാണ്. അതിനാല്‍ സ്‌കൂളുകളിലും കോളേജുകളിലും കൗണ്‍സിലര്‍മാര്‍ ഉണ്ടാവണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് ഒന്നുകൂടി ഉറപ്പാക്കണം. സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ്സും ഉറപ്പാക്കും. സ്‌കൂള്‍ തുറക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ യൂണിഫോം നിര്‍ബന്ധമാക്കേണ്ടതില്ല. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ ബസ് സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടി എടുക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.