സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ മുന്‍ എം.എല്‍.എ എസ് രാജേന്ദ്രന് വിമര്‍ശനം

CPI Idukki district conference Criticised S Rajendran
 

കുമളി: സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രനെതിരെ വിമര്‍ശനം. തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ സ്ഥാനാര്‍ഥി എ. രാജയുടെ പേര് പറഞ്ഞില്ലെന്നും പറയണമെന്ന് ജില്ലാ നേതാക്കള്‍ നിര്‍ദേശിച്ചിട്ടം അനുസരിച്ചില്ലെന്നുമാണ് വിമര്‍ശനം. സി.പി.ഐയ്ക്ക് എതിരെയും സമ്മേളനത്തില്‍ വിമർശനമുയര്‍ന്നു.
 
സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ എസ്.രാജേന്ദ്രന്‍ പങ്കെടുത്തിരുന്നില്ല. രാജേന്ദ്രനെതിരായ പാര്‍ട്ടി നടപടിയിലെ ഇളവില്‍ ഉറപ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്നാണ് സൂചന. സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഇന്നലെ എസ്. രാജേന്ദ്രന്‍ അറിയിച്ചിരുന്നു. 

പ്രധാനപ്പെട്ട സമ്മേളനമാണ് നടക്കുന്നതെന്നും ചെറുതായി കാണാന്‍ കഴിയില്ലെന്നുമായിരുന്നു എസ് രാജേന്ദ്രന്‍ ഇന്നലെ നല്‍കിയ മറുപടി. ജില്ലാ കമ്മിറ്റി അംഗമായത് കൊണ്ട് പങ്കെടുക്കേണ്ട ബാധ്യതയുണ്ടെന്നും അദ്ദേഹം വിശദീകരണം നല്‍കി.  

എന്നാല്‍ എസ്. രാജേന്ദ്രനെതിരെ പ്രതീക്ഷിച്ചതുപോലുള്ള കടുത്ത വിമര്‍ശനങ്ങള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടിലില്ല. നേരത്തെ ഉയര്‍ന്നതുപോലെ ജാതീയമായ വേര്‍തിരിവുണ്ടാക്കി എന്നതുപോലുള്ള വിമര്‍ശനങ്ങള്‍ റിപ്പോര്‍ട്ടിലില്ല. എ. രാജയ്‌ക്കെതിരെ പാര്‍ട്ടി ഓഫീസിന് സമീപത്തെ റെസ്റ്റോറന്റില്‍ വെച്ച് ഗൂഢാലോചന നടത്തി എന്ന അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. 

പതിവുപോലെ സി.പി.ഐയ്ക്ക് എതിരായ വിമര്‍ശനങ്ങളും പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ട്. മുന്‍ സമ്മേളനങ്ങളിലും സി.പി.ഐയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. രൂക്ഷമായ ഭൂപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ജില്ല എന്ന നിലയില്‍ റവന്യു വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐ ഇത് പരിഹരിക്കാന്‍ ഇടപെടുന്നില്ല എന്നതാണ് വിമര്‍ശനം. ഭൂപ്രശ്‌നം പരിഹരിക്കുന്നതില്‍ റവന്യു വകുപ്പ് വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.