തട്ടിപ്പുകാര്‍ക്ക് സി.പി.എം സംരക്ഷണമൊരുക്കുന്നു; വി.ഡി സതീശന്‍

d
 


തിരുവനന്തപുരം: കൊള്ളക്കാരെയും തട്ടിപ്പുകാരെയും സംരക്ഷിക്കുന്ന പാര്‍ട്ടിയായി സി.പി.എം മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നഗരസഭയിലെ നികുതി തട്ടിപ്പിനെതിരെ നൂറു വാര്‍ഡുകളില്‍ യു.ഡി.എഫ് സംഘടിപ്പിക്കുന്ന ജനസദസിന്റെ ഉദ്ഘാടനം വെട്ടുകാട് നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. തട്ടിപ്പോ കൊലപാതമോ കൊള്ളയോ നടത്തിയാലും സംരക്ഷിക്കാന്‍ സി.പി.എം ഉണ്ടെന്നതാണ് കേരളത്തിലുണ്ടായ തുടര്‍ഭരണത്തിന്റെ നേട്ടം. മുഖ്യമന്ത്രി പിണറായി വിജയന്റെ മൂക്കിനു താഴെയുള്ള  കോര്‍പറേഷന്‍ ഓഫീസില്‍ അഴിമതി നടന്നിട്ടും കുറ്റക്കാരെ അറസ്റ്റു ചെയ്യാന്‍ പോലും സാധിച്ചിട്ടില്ല. പിന്നെ എന്തിനാണ് പൊലീസും അഭ്യന്തര വകുപ്പും? - പ്രതിപക്ഷ നേതാവ് ചോദിച്ചു. 

രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെയാണ് ഒരുപറ്റം ഉദ്യോഗസ്ഥര്‍ സാധാരണക്കാര്‍ കോര്‍പറേഷന്‍ ഓഫീസില്‍ അടച്ച കെട്ടിട നികുതിയും ഭൂ നികുതിയും തട്ടിയെടുത്തത്. ഇവരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും അറസ്റ്റു ചെയ്യാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ല. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെക്കൊണ്ട് പണം തിരികെ അടപ്പിച്ച് കേസില്‍ നിന്നും രക്ഷിച്ചെടുക്കാനാണ് മേയറും സി.പി.എമ്മും ശ്രമിക്കുന്നത്. പട്ടിജാതി ഫണ്ട് തട്ടിയെടുത്ത സംഭവവും തിരുവനന്തപുരം കോര്‍പറേഷനില്‍ ഉണ്ടിയിട്ടുണ്ട്. ഈ സംഭവത്തിലും ഒരു ക്ലാര്‍ക്കിനെ ബലിയാടാക്കി രാഷ്ട്രീയ നേതാക്കളെ സി.പി.എം രക്ഷിച്ചെടുത്തു. ആറ്റുകാല്‍ പൊങ്കാല നടത്താതെ അതിന്റെ പേരിലും ലക്ഷങ്ങളാണ് സി.പി.എം നേതാക്കള്‍ മുക്കിയത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നും 350 കോടി തട്ടിയെടുത്തവരെയും സി.പി.എം സംരക്ഷിച്ചു. ഇങ്ങനെയൊരു തട്ടിപ്പ് നടത്താന്‍ സി.പി.എമ്മിന് മാത്രമെ സാധിക്കൂവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 


മുതലപ്പൊഴി ഉള്‍പ്പെടെ തീരദേശത്തെ പ്രശ്‌നങ്ങള്‍ അഞ്ച് തവണ പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ചിട്ടുണ്ട്. പരിഹാരം ഉണ്ടാകുന്നതു വരെ തീരദേശത്തെ പ്രശ്‌നങ്ങള്‍ വീണ്ടും സഭയില്‍ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.