തിരുവല്ല: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് യോഗം നടത്തിയതിന് സിപിഎം പ്രവർത്തകർക്കെതിരെ കേസ്. 50 പേർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ആരുടേയും പേരുകൾ എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടില്ല. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പത്തനംതിട്ട ജില്ല സെക്രട്ടറിയും ഉൾപ്പെടെ 150ഓളം പേരാണ് തിരുവല്ല കുറ്റൂർ പഞ്ചായത്തിലെ തെങ്ങേലിയിൽ ഞായറാഴ്ച ഒത്തു ചേർന്നത്.
അവശ്യസർവ്വീസ് ഒഴികെ ബാക്കിയെല്ലാം നിരോധിച്ചും നിയന്ത്രിച്ചും ഞായറാഴ്ച ദിവസം സംസ്ഥാന വ്യാപകമായി ലോക്ക് ഡൗൺ നടപ്പാക്കുമ്പോഴായിരുന്നു എല്ലാ നിയന്ത്രണങ്ങളും നിർദേശങ്ങളും ലംഘിച്ച് കൊണ്ട് തിരുവല്ലയിൽ സിപിഎമ്മിൻ്റെ പരിപാടി നടന്നത്. പാർട്ടിയിലേക്ക് പുതുതായി ചേർന്നവർ കൂടാതെ സിപിഎം അണികളും പരിപാടിക്കെത്തിയിരുന്നു.സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ്, സംസ്ഥാന കമ്മറ്റി അംഗം കെ അനന്തഗോപൻ, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അടക്കുമുള്ള നേതാക്കളും സിപിഎം സർക്കാർ നടപ്പാക്കുന്ന ലോക്ക്ഡൗൺ ലംഘിച്ചുള്ള പരിപാടിക്ക് എത്തിയിരുന്നു.
Comments