കത്ത് വിവാദത്തില്‍ സിപിഐഎം നേതൃത്വത്തിന് അതൃപ്തി; നിയമനങ്ങൾ പരിശോധിക്കാൻ തീരുമാനം

തിരുവനന്തപുരം: നിയമന വിവാദങ്ങള്‍ തിരിച്ചടിയായെന്ന് സപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിലയിരുത്തല്‍. തിരുവനന്തപുരം കോര്‍പറേഷന്‍ കത്ത് വിവാദത്തില്‍ സംസ്ഥാന നേതൃത്വം അതൃപ്തിയിലാണ്. കത്തു വിവാദവും സര്‍വകലാശാല നിയമനങ്ങളും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു.
നിയമനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഗൗരവമായി പരിശോധിക്കണമെന്ന് സെക്രട്ടേറിയേറ്റിൽ അഭിപ്രായമുയർന്നു. നിയമനങ്ങൾ പാർട്ടി പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഉടനടി വേണ്ടെന്നാണ് ധാരണ. വിവാദങ്ങള്‍ തണുത്ത ശേഷമാകും പാര്‍ട്ടി പരിശോധന. ഇത്തരം കാര്യങ്ങളിൽ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്.
കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പ്രിയാ വര്‍ഗീസിന്റെ നിയമനത്തില്‍ ഹൈക്കോടതിയില്‍ നിന്ന് നേരിട്ട തിരിച്ചടി ഉള്‍പ്പെടെ സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയായി. നിയമനകത്ത് വിവാദത്തിന് സമാനമായ സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകാനിടയുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധന വേണമെന്ന ആവശ്യവും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉയര്‍ന്നു. ഇത്തരം വിവാദങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പാര്‍ട്ടി ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നുവന്നു.
നിയമന വിവാദങ്ങളിൽ സമഗ്ര പരിശോധനക്ക് ഒരുങ്ങുകയാണ് സി പി എം എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ച നടപടി പുനപരിശോധിക്കണമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് നിയമനങ്ങളിൽ സമഗ്ര പരിശോധന എന്ന തീരുമാനത്തിലേക്ക് സി പി എം എത്തുന്നത്.
സര്‍വ്വകലാശാല നിയമന വിവാദങ്ങൾ വലിയ തിരിച്ചടിയാണ് സര്‍ക്കാരിനും പാര്‍ട്ടിക്കും ഉണ്ടാക്കിയത്. ഇതിന് പുറമെയാണ് കരാര്‍ നിയമനത്തിന് പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ട തിരുവനന്തപുരം മേയറുടേയും കൗൺസിലറുടേയും കത്ത് പുറത്ത് വന്നത്. സര്‍വ്വകലാശാല നിയമനങ്ങളും കത്ത് വിവാദവും സെക്രട്ടേറിയറ്റ് യോഗത്തിൽ ചര്‍ച്ചയായി. നിയമനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഗൗരവമായി എടുക്കാനും വിവാദങ്ങൾക്കിടയാക്കിയ സാഹചര്യം പരിശോധിക്കാനും മേലിൽ ഇത്തരം വീഴ്ചകൾ ആവര്‍ത്തിക്കാതിരിക്കാൻ നടപടി എടുക്കാനുമാണ് തീരുമാനം.
അതേസമയം കത്ത് വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുകയാണ്. നഗരസഭ പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കരുതെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. കൗണ്‍സില്‍ യോഗ സമയം നീട്ടണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിരിക്കുകയാണ്. നഗരസഭയ്ക്ക് മുന്നിലെ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് നീക്കം.