കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് എസ്.എഫ്.ഐ ആള്‍മാറാട്ടം; സി.പി.എം അന്വേഷിക്കും

google news
 കാട്ടാക്കട ക്രിസ്ത്യന്‍ കോളജ്
 

തിരുവനന്തപുരം: കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ എസ്.എഫ്.ഐ. ആൾമാറാട്ടത്തിൽ അന്വേഷണത്തിനൊരുങ്ങി സി.പി.എം. ഡി.കെ മുരളി, എസ് പുഷ്പലത എന്നിവരാണ് കേസ് അന്വേഷിക്കുക. സംഭവത്തിൽ സി.പി.എം നേതാക്കൾക്ക് പങ്കുണ്ടോയെന്നതടക്കം പരിശോധിക്കും. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം.

തിരിമറിയിൽ തങ്ങൾക്ക്​ പങ്കില്ലെന്നു​കാട്ടി എം.എൽ.എമാരായ ജി. സ്റ്റീഫനും ഐ.ബി. സതീഷും സി.പി.എമ്മിന്​ കത്ത്​ നൽകിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം ജില്ല കമ്മിറ്റി യോഗത്തിൽ നേതാക്കൾ അറിയാതെ ഇത്രയും ഗുരുതരമായ തിരിമറി നടക്കില്ലെന്ന അഭിപ്രായമുയർന്നിരുന്നു.

ഈ പശ്ചാത്തലത്തിലാണ്​ അരുവിക്കര എം.എൽ.എയായ ജി. സ്റ്റീഫനും കാട്ടാക്കട എം.എൽ.എ ഐ.ബി. സതീഷും നിരപരാധിത്വം വിശദീകരിച്ച്​ പാർട്ടി നേതൃത്വത്തെ സമീപിച്ചത്​. തങ്ങൾക്ക്​ പങ്കി​ല്ലെന്നും പാർട്ടി അന്വേഷണം നടത്തി വസ്തുത കണ്ടെത്തണമെന്നും ഇരുവരും കത്തിൽ ആവശ്യപ്പെട്ടു​. കത്തിനു​ പിന്നാലെയാണ്​ സി.പി.എം കമീഷനെ നിയോഗിച്ചത്​.

അതേസമയം സംഭവത്തിൽ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ ഡോ. ജി.ജെ ഷൈജുവിന്റെ പ്രിൻസിപ്പൽ അംഗീകാരം റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് സർവ്വകലാശാല പുറത്തിറക്കി. ഷൈജുവിനെ ചുമതലയിൽ നീക്കണമെന്ന് ആവശ്യപ്പെട്ട് നാളെ കോളേജിന് കത്ത് നൽകും.

കാട്ടാക്കട ക്രിസ്ത്യൻ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജയിച്ചയാളെ വെട്ടി എസ്.എഫ്.ഐ നേതാവിനെ തിരുകികയറ്റിയെന്നായിരുന്നു ആക്ഷേപം. സംഭവത്തിൽ കെ.എസ്.യു ഡി.ജി.പിക്ക് പരാതി നൽകി. കോളജ് അധികൃതർ യൂണിവേഴ്സിറ്റിക്ക് നൽകിയ ലിസ്റ്റിലാണ് തെരഞ്ഞെടുപ്പിൽ വിജയിച്ച അനഘക്ക് പകരം എ.വിശാഖിൻറ പേര് നൽകിയത്.

എസ്.എഫ്.ഐ പാനലിലെ അനഘയാണ് യൂണിയൻ തെരഞ്ഞെടുപ്പിൽ യുയുസിയായി ജയിച്ചത്. എന്നാൽ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ.വിശാഖിന്റെ പേരാണ് കോളജ് യൂണിവേഴ്സിറ്റിയിലേക്ക് നൽകിയത്. ഇതേ കോളജിലെ ഒന്നാം വർഷ ബി.എസ്.സി വിദ്യാർഥിയാണ് എ.വിശാഖ്. വിശാഖിനെ കേരള യൂണിവേഴ്സിറ്റി ചെയർമാനാക്കാനാണ് ആൾമാറാട്ടം നടത്തിയതെന്നാണ് കെഎസ്യു ആരോപിക്കുന്നത്. യു.യു.സിയായി അനഘക്ക് തുടരാൻ താത്പര്യമില്ലാത്തതിനാലാണ് വിശാഖിൻറെ പേര് നൽകിയതെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം.

Tags