ഷാരോൺ രാജിന്‍റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്, മെഡിക്കൽ ബോർഡ് രൂപീകരിക്കും

ഷാരോൺ രാജിന്‍റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്, മെഡിക്കൽ ബോർഡ് രൂപീകരിക്കും
 

തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോൺ രാജിന്റെ മരണത്തിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. പ്രത്യേക ക്രൈംബ്രാഞ്ച് സംഘം കേസ് അന്വേഷിക്കും. എല്ലാ സാഹചര്യങ്ങളും അന്വേഷിക്കുമെന്ന് റൂറൽ എസ് പി ഡി ശിൽപ്പ അറിയിച്ചു. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വന്നാൽ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളു. അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കൽ ബോർഡും രൂപീകരിക്കും. 

ഷാരോണിന്റെ മരണത്തിൽ കൂടുതൽ വാട്‌സാപ്പ് സന്ദേശങ്ങൾ പുറത്തുവിട്ട് കുടുംബം. പെൺസുഹൃത്തും ഷാരോണും തമ്മിൽ അവസാനദിവസങ്ങളിൽ നടത്തിയ വാട്‌സാപ്പ് ഓഡിയോ ചാറ്റുകളാണ് കുടുംബം പുറത്തുവിട്ടിരിക്കുന്നത്. കഷായം കുടിച്ച കാര്യം താൻ വീട്ടിൽ പറഞ്ഞിട്ടില്ലെന്നും ജ്യൂസ് കുടിച്ചതാണ് ഛർദിലിന് കാരണമെന്നാണ് വീട്ടുകാരെ അറിയിച്ചതെന്നും ഷാരോൺ പെൺകുട്ടിയോട് വാട്‌സാപ്പിൽ പറയുന്നുണ്ട്.

ഇതിന് യുവതി മറുപടി നൽകുന്നതിന്റെ സന്ദേശവും പുറത്തു വന്നിട്ടുണ്ട്. തനിക്കും ജ്യൂസിൽ രുചി വ്യത്യാസം തോന്നി. അതാകാം ഛർദ്ദിക്കുന്നതിന് കാരണമെന്ന് യുവതിയും പറയുന്നുണ്ട്.

കൂടാതെ പെൺകുട്ടിയും ഷാരോണും തമ്മിൽ ജ്യൂസ് ചലഞ്ച് നടത്തിയതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. 2 കുപ്പി ശീതള പാനീയം ഷാരോണിനെ കുടിപ്പിച്ചാണ് ചലഞ്ച് നടത്തിയത്.  
 

മരണത്തിലേക്ക് നയിച്ച സംഭവം നടന്നതിന് രണ്ടാഴ്ച മുമ്പാണ് ജ്യൂസ് ഗെയിം നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു. പെൺകുട്ടിയും ഷാരോണുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. അന്നും ഷാരോൺ രാജിന് ഛർദ്ദിൽ ഉണ്ടായതായി ബന്ധുക്കൾ ചൂണ്ടിക്കാട്ടി.