കേരളത്തിൽ ആൾക്കൂട്ട നിയന്ത്രണം ഫലപ്രദമല്ല, കടകൾ തുറക്കുന്ന കാര്യത്തിൽ നയപരമായ തീരുമാനം വേണം; ഹൈക്കോടതി

court

കൊച്ചി: കേരളത്തിൽ ആൾക്കൂട്ട നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി. കടകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കേണ്ട സമയമായെന്നും കോടതി അഭിപ്രായപ്പെട്ടു. തുണിക്കടകള്‍ തുറക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി നിലപാട് വ്യക്തമാക്കിയത്.  ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും തുണിക്കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. 

ആള്‍ക്കൂട്ട നിയന്ത്രണം പാലിക്കാനാണ് കടകള്‍ തുറക്കാതെ ഇരിക്കുന്നതെങ്കില്‍ കേരളത്തില്‍ നിരവധി ഇടങ്ങളില്‍ ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കാതെ കൂട്ടം കൂടുന്ന സാഹചര്യം ഉണ്ടെന്ന് ഹര്‍ജി പരിഗണിക്കവേ കോടതി ചൂണ്ടിക്കാട്ടി.  അതിനാല്‍ വിഷയത്തില്‍ നയപരമായ തീരുമാനം കൈകൊള്ളണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വാക്കാലുള്ള പരാമര്‍ശമാണ് കോടതി നടത്തിയത്. വ്യാഴാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.