×

സി.എസ്.ബി ബാങ്കിലെ കവർച്ച:215 പവൻ മോഷ്ടിച്ചത് ഓൺലൈൻ ഇടപാടിലെ കടം നികത്താനെന്ന് മാനേജരുടെ മൊഴി

google news
Sv
തിരുവനന്തപുരം∙ ബാങ്കിന്റെ സ്ട്രോങ് റൂമിൽ നിന്ന് 215 പവന്റെ ആഭരണങ്ങൾ മോഷ്ടിച്ചു മറിച്ചുവിറ്റത് ഓൺലൈൻ നിക്ഷേപ തട്ടിപ്പിലൂടെ ഉണ്ടായ ബാധ്യത തീർക്കാനെന്നു ബാങ്ക് മാനേജറുടെ കുറ്റസമ്മതം. 51 ലക്ഷം രൂപ നഷ്ടമായെന്നും സിഎസ്ബി ബാങ്കിന്റെ മാനേജർ പിടിയിലായ എച്ച്.രമേഷ് വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
ക്രിപ്റ്റോകറൻസി നിക്ഷേപം വഴി 4 കോടി രൂപ കിട്ടാൻ വേണ്ടി ആദ്യം ഭാര്യയുടെയും ബന്ധുക്കളുടെയും പേരിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കി 51 ലക്ഷം രൂപ തിരിമറി നടത്തി. സ്വർണാഭരണങ്ങൾ ഈടായി നൽകാതെയാണ് പണം എടുത്തത്. ഇടപാടുകാർക്ക് നേരത്തെ ഉണ്ടായിരുന്ന ലോൺ അക്കൗണ്ടുകളിലെ വിവരവും ഫോട്ടകളും ഇതിനായി ഉപയോഗിച്ചു.
    
പണയം നടന്നതായി രേഖകളുണ്ടാക്കിയ ശേഷം പണം മുഴുവൻ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം ക്രിപ്റ്റോകറൻസിയിൽ നിക്ഷേപം നടത്തി.  ടെലഗ്രാം വഴിയായിരുന്നു ഇടപാടുകൾ. ഈ പണം മുഴുവൻ നഷ്ടമായതോടെ വായ്പ തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. ഓഡിറ്റിൽ പിടിക്കാതിരിക്കാൻ വേണ്ടിയാണ് സ്ട്രോങ് റൂമിൽ നിന്ന് 1727 ഗ്രാം എടുത്തത്. 
 
ഇതിൽ 300 ഗ്രാം പണയപ്പെടുത്തി 10 ലക്ഷം കൂടി വായ്പ എടുത്തു. ബാക്കി സ്വർണം ഉരുക്കിവിറ്റ് പണമാക്കി. പണം ഉപയോഗിച്ച് 57 പവൻ വാങ്ങി വീണ്ടും പണയപ്പെടുത്തി വായ്പയെടുത്തു. ബാക്കി വിൽക്കുകയും ചെയ്തു.
   
ടെലഗ്രാം തട്ടിപ്പ് 
മുംബൈയിലുള്ള കമ്പനിയാണെന്നു വിശ്വസിച്ചാണ് ക്രിപ്റ്റോ നിക്ഷേപം നടത്തിയതെന്നും ടെലഗ്രാം ഗ്രൂപ്പിൽ പലരും പണം ഇരട്ടിയായി തിരിച്ചുകിട്ടിയതായി കാണിച്ച് അയച്ച സന്ദേശങ്ങൾ കണ്ട് വിശ്വസിക്കുകയായിരുന്നു എന്നുമാണ് രമേഷിന്റെ മൊഴി. വിശ്വാസ്യതയ്ക്കായി രമേഷിന്റെ വെർച്വൽ അക്കൗണ്ടിൽ പണം ഇരട്ടിയായെന്നു കാണിച്ചുള്ള സ്ക്രീൻഷോട്ടുകളും നൽകി. ഈ തുക അക്കൗണ്ടിലേക്ക് ലഭിക്കാൻ നികുതി ആവശ്യങ്ങൾക്കായി മറ്റൊരു അക്കൗണ്ടിലേക്ക് പണം നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ അതുവരെ നൽകിയ പണം മുഴുവൻ നഷ്ടമാകുമെന്നും രമേഷ് പൊലീസിനോട് പറഞ്ഞു.‌
    
കേസിൽ ആകെ  4 പ്രതികൾ
സ്വർണാഭരണങ്ങൾ മോഷ്ടിച്ചു മറിച്ചുവിറ്റ കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ആഭരണങ്ങൾ ഉരുക്കാൻ സഹായിച്ച നെടുമങ്ങാട് സ്വദേശി രാമകൃഷ്ണനെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാം പ്രതിയായ ജ്വല്ലറി ഉടമ നെടുമങ്ങാട് സ്വദേശി എം.കിഷോറിന്റെ സുഹൃത്താണ് ഇയാൾ. കിഷോർ ആണ് രാമകൃഷ്ണനെ വിളിച്ചുവരുത്തി ആഭരണങ്ങൾ ഏൽപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. ബാങ്ക് മാനേജർ ചേർത്തല സ്വദേശി എച്ച്.രമേഷ് ആണ് ഒന്നാം പ്രതി. പേരൂർക്കട ആർകെവി കൺസൽട്ടൻസി ഉടമ ബി.വർഗീസ് രണ്ടാം പ്രതിയും.
    
വർഗീസിന്റെ സഹായത്തോടെയാണ് രമേഷ് കിഷോറിലേക്ക് എത്തുന്നത്. വിറ്റ സ്വർണത്തിന് ഇരുവർക്കും ഗ്രാമിന് 50 രൂപ വീതം രമേഷ് കമ്മിഷൻ നൽകി. സ്ട്രോങ് റൂമിൽ നിന്ന് ആഭരണങ്ങൾ എടുത്തതിന്റെ തലേന്ന് പ്രതികൾ ബാങ്കിൽ ഒത്തുകൂടിയതിന്റെ ദൃശ്യങ്ങൾ ബാങ്കിലെ നിരീക്ഷണ ക്യാമറയിൽ നിന്നു പൊലീസിനു ലഭിച്ചു. വർഗീസ് ബാങ്കിലെ പതിവ് സന്ദർശകനാണെന്നും ഇയാൾ വഴി പലർക്കും ലോൺ തരപ്പെടുത്തി നൽകിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.
    
രമേഷിന്റെ വീട്ടിൽ ഇന്നലെ പൊലീസ് നടത്തിയ റെയ്ഡിൽ 2 ലക്ഷം രൂപ കണ്ടെടുത്തു. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നു പരിശോധിച്ചു വരികയാണെന്ന് മണ്ണന്തല എസ്എച്ച്ഒ ബൈജു പറഞ്ഞു .
    
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു