കെപിസിസി പ്രസിഡന്റായി കൊടിക്കുന്നില്‍ സുരേഷ് വേണ്ടെന്ന് ദലിത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കെകെ ഷാജു

kk shaju and kodikunnil suresh 30/5

തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷിനെതിരെ ദലിത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കെകെ ഷാജു രംഗത്ത്. കെപിസിസി പ്രസിഡന്റായി കൊടിക്കുന്നില്‍ സുരേഷ് വേണ്ടെന്നും അദ്ധ്യക്ഷനാക്കുന്നതില്‍ യാതൊരു താല്‍പര്യവുമില്ലെന്നും കെകെ ഷാജു വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് കാരണം കൊടിക്കുന്നില്‍ സുരേഷാണെന്ന് കെകെ ഷാജു അന്വേഷണം.കോമിനോട് പറഞ്ഞു. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ മണ്ഡലത്തില്‍ നിന്ന് ഒരാള്‍ പോലും ജയിച്ചിട്ടില്ല. പാര്‍ട്ടി നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും രാജിവെച്ചപോലെ കൊടിക്കുന്നില്‍ സുരേഷ് രാജ്യവെക്കണമെന്നും ദലിത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കെകെ ഷാജു പ്രതികരിച്ചു. 

അതേസമയം, കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷിനായി ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദം. തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ നിയോഗിച്ച അശോക് ചവാന്‍ സമിതിക്ക് മുന്‍പാകെ അധ്യക്ഷനെ തീരുമാനിക്കുന്നത് സംബന്ധിച്ച് ഗ്രൂപ്പുകള്‍ നിലപാടറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. കെ സുധാകരന്‍ നേതൃ പാടവമില്ലാത്തയാളാണെന്ന് സമിതിക്ക് മുന്‍പില്‍ ഗ്രൂപ്പ് നേതാക്കള്‍ വാദിച്ചു. സുധാകരനെ അധ്യക്ഷനായി അംഗീകരിക്കാനാവില്ലെന്ന് ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

അതിനിടെ, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായ കൊടിക്കുന്നില്‍ സുരേഷിന് അധ്യക്ഷനാകാനുള്ള സ്വാഭാവിക അവസരം ഉണ്ടെന്നാണ് നേതാക്കള്‍ പറയുന്നത്. പ്രായം, പ്രവര്‍ത്തനശൈലി, തീവ്രനിലപാട് തുടങ്ങിയ ഘടകങ്ങള്‍ സുധാകരന് തിരിച്ചടിയാകും. കെപിപിസി അധ്യക്ഷ സ്ഥാനത്ത് ദളിത് പ്രാതിനിധ്യം വേണമെന്ന നിലപാടും സുധാകരന്റെ അവസരം തടയാന്‍ ലക്ഷ്യമിട്ടുള്ളതാണ്.