കോണ്‍ഗ്രസ് ജാഥയ്ക്കുനേരെ മുട്ടയെറിഞ്ഞ ഡിസിസി ജനറല്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

congress flag

പത്തനംതിട്ട : പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് ജാഥയ്ക്കുനേരെ മുട്ടയെറിഞ്ഞ ഡിസിസി ജനറല്‍ സെക്രട്ടറി എംസി ഷെരീഫിനെതിരെ അച്ചടക്ക നടപടി. കോണ്‍ഗ്രസിന്റെ ഹാഥ് സേ ഹാഥ് യാത്രയ്ക്ക് നേരെയാണ് മുട്ടയേറുണ്ടായത്. സംഭവത്തെ തുടര്‍ന്ന് എംസി ഷെരീഫിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.

ഡിസിസി ജനറല്‍ സെക്രട്ടറിയുടേത് അച്ചടക്ക ലംഘനമാണെന്നും ഗുരുതരമായ തെറ്റ് സംഭവിച്ചുവെന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിയെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു. പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും എംസി ഷെരീഫിനെ നീക്കിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. പദയാത്ര പത്തനംതിട്ട വലഞ്ചുഴിയില്‍ എത്തിയപ്പോഴാണ് മുട്ടയേറുണ്ടായത്. കോണ്‍ഗ്രസ് നഗരസഭാ കൗണ്‍സിലര്‍മാരായ എ സുരേഷ്‌കുമാറും കെ ജാസിംകുട്ടിയും പങ്കെടുത്ത ജാഥയ്ക്കു നേരെയാണ്‌ ഷെരീഫിന്റെ നേതൃത്വത്തില്‍ മുട്ടയേറ് നടത്തിയത്. പദയാത്രയില്‍ പങ്കെടുത്ത കെപിസിസി ജനറല്‍ സെക്രട്ടറി എംഎം നസീറിന്റെ വാഹനത്തിന് നേരെ കല്ലേറും ഉണ്ടായി.