ഡി-ലിറ്റ് വിവാദം; കേരള യൂണിവേഴ്‌സിറ്റി പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

i77
തിരുവനന്തപുരം:ഡി-ലിറ്റ് വിവാദങ്ങള്‍ക്കിടെ കേരള യൂണിവേഴ്‌സിറ്റി പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും. രാഷ്‌ട്രപതിക്ക് ഡീ-ലിറ്റ് നൽകാനുള്ള ഗവർണറുടെ നിർദ്ദേശം, സിൻഡിക്കേറ്റ് വിളിച്ചു ചേർക്കാതെ ഏതാനും സിൻഡിക്കേറ്റ് അംഗങ്ങളോട് മാത്രം കൂടിയാലോചിച്ച് വൈസ് ചാൻസിലർ നിരസിച്ച സംഭവമാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. ഇക്കാര്യത്തിൽ വിസിക്ക് തന്റെ ഭാഗം വിശദീകരിക്കാൻ സിൻഡിക്കേറ്റിൽ അവസരം നൽകും. സ്‌പെഷ്യൽ സിൻഡിക്കേറ്റാണ് ഇതിനായി വിളിച്ച് ചേർത്തിരിക്കുന്നത്.

അതേസമയം രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാന്‍ ശുപാര്‍ശ ചെയ്തെന്ന് സ്ഥിരീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഡി ലിറ്റ് നല്‍കാന്‍ ആകില്ലെന്ന് കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ മറുപടി തനിക്ക് കനത്ത ആഘാതമായി. നേരെ ചൊവ്വേ കത്തെഴുതാന്‍ അറിയാത്ത വിസിമാരാണ് സര്‍വകലാശാലകളുടെ തലപ്പത്തിരിക്കുന്നത് എന്നും വി സി തന്നെ ധിക്കരിച്ചെന്നുമായിരുന്നു ഗവര്‍ണറുടെ വാക്കുകള്‍. ഗവര്‍ണറുടെ വെളിപ്പെടുത്തലോടെ സര്‍ക്കാരും സര്‍വകലാശാലയും പ്രതിരോധത്തിലായിരിക്കുകയാണ്.