കൽപറ്റയിലെ തെരഞ്ഞെടുപ്പ് തോല്‍വി; സിപിഎമ്മിൽ നടപടി

cpm
 

കൽപ്പറ്റ: നിയസഭ തെരഞ്ഞെടുപ്പില്‍ കൽപറ്റയിലെ എൽജെഡി സ്ഥാനാർത്ഥി എം.വി.ശ്രേയാംസ് കുമാറിന്‍റെ തോൽവിയിൽ നടപടിയുമായി സിപിഎം. ശ്രേയാംസിനായി താഴെത്തട്ടിൽ സജീവമായി തെരഞ്ഞെടുപ്പ് പ്രചാരണം നടന്നില്ലെന്ന വിമ‍ർശനം നേരത്തെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കർശന നടപടിയിലേക്ക് സിപിഎം ജില്ലാ നേതൃത്വം കടന്നത്. 

കഴിഞ്ഞ തവണ സി.കെ.ശശീന്ദ്രൻ വിജയിച്ച സീറ്റ് ഇക്കുറി എൽഡിഎഫിലേക്ക് ഘടകക്ഷിയായി എത്തിയ എൽജെഡിക്ക് സിപിഎം വിട്ടു നൽകിയിരുന്നു. എന്നാൽ കൽപറ്റ സീറ്റിൽ കോൺ​ഗ്രസിൻ്റെ ടി.സിദ്ധീഖിനോട് ശ്രേയാംസ് കുമാ‍ർ പരാജയപ്പെട്ടിരുന്നു. 

ശിക്ഷാനടപടിയുടെ ഭാ​ഗമായി വയനാട്ടിലെ ഏരിയ കമ്മറ്റി അംഗം സാജിതയെ തരം താഴ്ത്തി. ഏരിയ സെക്രട്ടറിയും എം.മധുവിനേയും ഏരിയാ കമ്മറ്റിയേയും മോശം പ്രചാരണ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടി ശാസിച്ചിട്ടുണ്ട്. കൽപറ്റ ലോക്കൽ സെക്രട്ടറിയായിരുന്ന അബുവിനെ ആ സ്ഥാനത്ത് നീക്കുകയും ചെയ്തിട്ടുണ്ട്.