ഡോക്ടറെ മർദിച്ച പൊലീസുകാരനെതിരെ നടപടിവേണമെന്ന് ആവശ്യം; ഇടപെട്ട് ആരോഗ്യമന്ത്രി

veena

തിരുവനന്തപുരം: മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡോക്ടറെ മർദിച്ച പൊലീസുകാരനെതിരെ നടപടി നടപടിയുണ്ടാകും. ഡോക്ടർമാരുടെ സംഘടനയുടെ പരാതിയെത്തുടർന്ന് വിഷയത്തിലിടപ്പെട്ട ആരോഗ്യമന്ത്രി വീണാ ജോർജ് ഡോക്ടറുമായി സംസാരിക്കുകയും തുടർനടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു. 

മേയ് 14നാണ് ഡോക്ടർ രാഹുൽ മാത്യുവിനു മർദനമേൽക്കുന്നത്. ഡോക്ടറുടെ മൊഴി മാവേലിക്കര പൊലീസ് രേഖപ്പെടുത്തിയെങ്കിലും തുടർനടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. പൊലീസുകാരനായതിനാൽ സേനയിൽനിന്ന് സംരക്ഷണം ലഭിക്കുന്നതായി ഡോക്ടർമാരുടെ സംഘടനകൾ ആരോപിക്കുന്നു. കോവിഡ് ബാധിതയായി ആശുപത്രിയിലെത്തിച്ച അമ്മ മരിച്ചതിനെത്തുടർന്നായിരുന്നു പൊലീസുകാരനായ മകന്റെ മർദനം. മരിച്ച നിലയിലാണ് അമ്മയെ ആശുപത്രിയിലെത്തിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.

പുലർച്ചെയാണ് അത്യാഹിത വിഭാഗത്തിലെ ഡോക്ടറുടെ കോൾ വാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. രാഹുൽ മാത്യുവിനു ലഭിക്കുന്നത്. ആശുപത്രിയിലെ സർജനായ രാഹുൽ മാത്യു അന്നു വാർഡിൽ നൈറ്റ് ഡ്യൂട്ടിയിലായിരുന്നു. രാഹുൽ അത്യാഹിത വിഭാഗത്തിൽ എത്തി പരിശോധിച്ചു. 

ആശുപത്രിയിലെത്തുന്നതിനു മുൻപുതന്നെ രോഗിയുടെ മരണം സംഭവിച്ചിരുന്നു. പരിശോധിച്ചശേഷം മരണം സ്ഥിരീകരിച്ചു. മരിച്ചനിലയിൽ കൊണ്ടുവന്നതിനാൽ തുടർ നടപടി വേണമെന്നും പൊലീസിൽ അറിയിക്കണമെന്നും രാഹുൽ നിർദ്ദേശിച്ചു.