ഇടുക്കിയില്‍ നടന്ന ഹാഫ് മാരത്തണിൽ ദേവരാജ് ഒന്നാം സ്ഥാനത്ത്

idukki
ഇടുക്കി: ഇടുക്കിയില്‍ നടന്ന ഹാഫ് മാരത്തണില്‍ കാസര്‍ഗോഡ് സ്വദേശി ദേവരാജ് ഒന്നാം സ്ഥാനത്തെത്തി. സ്പോര്‍ട്സ് ടൂറിസം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാരത്തോൺ സംഘടിപ്പിച്ചത്. വിവിധ ഏജന്‍സികളുടെ സഹകരണത്തോടെ ഇടുക്കി ജില്ലാഭരണകൂടമാണ് ഡാം ടു ഡാം എന്ന പേരില്‍ കുളമാവ് ഡാം മുതല്‍ ചെറുതോണി വരെ 21 കിലോമീറ്റര്‍ മാരത്തണ്‍ സംഘടിപ്പിച്ചത്.

ഇടുക്കിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ സ്പോർട്സ്, സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹാഫ് മാരത്തണ്‍ സംഘടിപ്പിച്ചത്. ജില്ലാ പോലീസ്, ഡിടിപിസി, സ്പോർട്സ് കൗണ്‍സില്‍ തൂടങ്ങിയവയുടെ കൂടി സഹകരണത്തോടെയായിരുന്ന ജില്ലയില്‍ ആദ്യമായി മാരത്തണ്‍ നടത്തിയത്.

കുളമാവ് അണക്കെട്ടില്‍ നിന്ന് തുടങ്ങി 21 കിലോമീറ്റര്‍ പിന്നിട്ട് ചെറുതോണി ഡാമില്‍ കൂട്ടയോട്ടം സമാപിച്ചു. ഒരു മണിക്കൂര്‍ മുപ്പത്തിമൂന്ന് മിനുട്ട് നാല്‍പത് സെക്കന്‍ഡില്‍ കാസര്‍ഗോഡുകാരന്‍ ദേവരാജ് ഒന്നാമനായി ഓടിയെത്തി. ഇടുക്കി ഇരട്ടയാര്‍ സ്വദേശി ഷെറിന്‍ ജോസ് രണ്ടാം സ്ഥാനവും നേടി.

അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ ദാസന്‍ നായര്‍ ഒന്നാം സ്ഥാനത്തെത്തി. 200 മാരത്തണുകള്‍ പൂര്‍ത്തിയാക്കിയ പോള്‍ പി.ജെ. യെ സമാപന ചടങ്ങില്‍ ആദരിച്ചു. വരും വര്‍ഷങ്ങളിലും മാരണത്തല്‍ തുടരാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം