ദേവികുളം എംഎൽഎ നാളെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും

devikulm

തിരുവനന്തപുരം: ദേവികുളം എംഎൽഎ എ രാജ നാളെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കറുടെ ചേംബറിൽ രാവിലെ 8.30 നാണ് സത്യപ്രതിജ്ഞ. രാജയുടെ സത്യപ്രതിജ്ഞയിൽ അപാകതയുണ്ടെന്ന് ആക്ഷേപമുയർന്നിരുന്നു.

തമിഴിലുള്ള സത്യപ്രതിജ്ഞ ദൈവ നാമത്തിലോ ദൃ‍ഢപ്രതിജ്ഞയോ ആയിരുന്നില്ല. നിയമവകുപ്പ് തർജിമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജയോട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ സ്പീക്കർ ആവശ്യപ്പെട്ടത്. 

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമാണ് 36കാരനായ രാജ. സിപിഐഎം ഏരിയാ കമ്മിറ്റി അംഗവുമാണ്. ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറര്‍, അഖിലേന്ത്യാ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ദേവികുളം മുന്‍സിഫ് കോടതിയില്‍ അഭിഭാഷകനാണ്.