മുട്ടിൽ മരംമുറി കേസിൽ അന്വേഷണ സംഘത്തിൽ നിന്നും ഡിഎഫ്ഒ പി ധനേഷ് കുമാറിനെ മാറ്റി

wood

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ അന്വേഷണ സംഘത്തിൽ നിന്നും ഡിഎഫ്ഒ പി ധനേഷ് കുമാറിനെ മാറ്റി. പകരം പുനലൂർ ഡിഎഫ്ഒ ബൈജു കൃഷ്ണന് ചുമതല നൽകി. മുട്ടിൽ മരം മുറിയിൽ ഉദ്യോഗസ്ഥ വീഴ്ച്ച കണ്ടെത്തിയത് ധനേഷാണ്.

മുറിച്ചു കടത്തിയ മരം തൃശ്ശൂരിൽ നിന്നും കണ്ടെത്തിയതും ധനേഷ് കുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ്. ഡിഎഫ്ഒ ഷാനവാസിനെ വയനാടിന്റെ ചുമതലയിൽ നിന്നും ഇടുക്കിയിലേക്ക് മാറ്റി. ഭരണപരമായ കാര്യങ്ങൾ കൊണ്ടാണ് നടപടി എന്നാണ് വിശദീകരണം.

എന്നാൽ ധനേഷ് കുമാറിനെ മാറ്റിയതിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. തനിക്ക് ലഭിച്ച റിപ്പോർട്ടിൽ അന്വേഷണ ഉദ്യോഗസ്ഥൻ ധനേഷ് ആണെന്നും മന്ത്രി പറഞ്ഞു. വനം വകുപ്പിന്റെ അധീനതയിൽ ഉള്ള ഭൂമിയിൽ നിന്നും ഒരു കഷ്ണം മരം പോലും നഷ്ടപെട്ടിട്ടില്ല. ഈ ഉത്തരവ് വനം വകുപ്പിന്റേതല്ല,ഉത്തരവ് പുറപ്പെടുവിച്ചതും റദ്ദാക്കിയതും റവന്യൂ വകുപ്പാണെന്നും മന്ത്രി പറഞ്ഞു.