ധീരജിന് സ്മാരകം നിർമ്മിക്കും, വീടിനോട് ചേർന്ന് അന്ത്യവിശ്രമമൊരുക്കും; സ്ഥലം വിലയ്ക്ക് വാങ്ങി സിപിഎം

Dheeraj murder
 

കണ്ണൂർ : ഇടുക്കി എഞ്ചിനീയറിം​ഗ് കോളേജിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ കൊലപ്പെടുത്തിയ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ മൃതദേഹം വീടിന് സമീപം സംസ്‌കരിക്കും. ഇതിനായി വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സിപിഐഎം വിലയ്ക്ക് വാങ്ങി. ഇവിടെ ധീരജിന്റെ മൃതദേഹം സംസ്‌കരിക്കും.
 
മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലത്ത് ധീരജിന് സ്മാരകവും പണിയാൻ സിപിഐഎം തീരുമാനിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ നാല് മണിക്ക് ശേഷം തളിപ്പറമ്പ് ടൗണിൽ സിപിഐഎം ഹർത്താൽ ആചരിക്കും.

ധീരജിന്റെ വിയോഗത്തിൽ ബന്ധുക്കളുടെയും നാട്ടുകാരുടെയും ഞെട്ടല്‍ ഇതുവരെയും മാറിയിട്ടില്ല. കണ്ണൂർ തളിപ്പറമ്പ് പട്ടപ്പാറയിലെ വീട്ടിൽ മകന്റെ വിയോഗ വാർത്തയറിഞ്ഞ് അമ്മ പുഷ്പകല തളർന്നുവീണു. നഴ്സായി ജോലി ചെയ്യുന്ന കൂവോട് ആയുർവേദ ആശുപത്രിയിൽ നിന്നും താങ്ങിയെടുത്താണ് ബന്ധുക്കൾ പുഷ്കലയെ വീട്ടിലെത്തിച്ചത്. 
 
തളിപ്പറമ്പിൽ എൽഐസി ഏജന്റായ അച്ഛൻ രാജേന്ദ്രൻ തിരുവനന്തപുരം പാലോട് സ്വദേശിയാണ്. ധീരജിന്റെ അനുജൻ അദ്വൈത് തളിപ്പറമ്പ് സർ സയ്യിദ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.


കുടുംബമായി വർഷങ്ങളായി തളിപ്പറമ്പിലാണ് താമസം. ധീരജിൻറെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം നാളെ രാവിലെ വിലാപയാത്രായി സ്വദേശത്തേക്ക് കൊണ്ടു പോകും. വിവിധ സ്ഥലങ്ങളിൽ പൊതു ദർശനമുണ്ടാകും.