മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കും: മന്ത്രി വി.ശിവന്‍കുട്ടി

sivankutty

തിരുവനന്തപുരം: കേരളത്തില്‍ ഓണ്‍ലൈന്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കേരള എന്‍ജിഒ യൂണിയന്‍ തിരുവനന്തപുരം നോര്‍ത്ത് ജില്ലാ കമ്മിറ്റി പ്രാദേശിക ഭവന സന്ദര്‍ശനങ്ങളിലുടെ സമാഹരിച്ച ഡിജിറ്റല്‍ പഠനോപകരണങ്ങളുടെ ആദ്യ ഘട്ട വിതരണ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

നെറ്റ് വര്‍ക്ക് കണക്ടിവിറ്റി ഇല്ലാത്ത ഇടങ്ങളില്‍ അടിയന്തിരമായി അത് ഏര്‍പ്പാടാക്കും. അതിനായി സര്‍വ്വീസ് ദാതാക്കളുടെ യോഗം ചേരുമെന്ന് അദ്ദേഹം അറിയിച്ചു. 200 ടാബുകള്‍ മന്ത്രിയില്‍ നിന്നും തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ എസ്.സന്തോഷ് കുമാര്‍ ഏറ്റുവാങ്ങി .
യൂണിയന്‍ സംസ്ഥാന ട്രഷറര്‍ എന്‍.നിമല്‍രാജ് ആശംസകള്‍ നേര്‍ന്നു. ജില്ലാ പ്രസിഡണ്ട് കെ.എ. ബിജുരാജ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.പി.സുനില്‍കുമാര്‍ സ്വാഗതവും ട്രഷറര്‍ കെ.എം.സക്കീര്‍ നന്ദിയും പറഞ്ഞു .