'മെഹബൂബ് അബ്‌ദുള്ളയാണ് വിഐപിയെന്ന് പറഞ്ഞിട്ടില്ല, പൊലീസ് കാണിച്ച ഫോട്ടോകളിലൊന്ന് അദ്ദേഹത്തിന്‍റെത്': ബാലചന്ദ്ര കുമാർ

Actress assault case: Director Balachandra Kumar's statement recorded
 

തിരുവനന്തപുരം: വിഐപിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കാണിച്ച ഫോട്ടോകളുടെ കൂട്ടത്തില്‍ വ്യവസായി മെഹബൂബിന്റെ ഫോട്ടോയുമുണ്ടായിരുന്നെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. എന്നാല്‍ മെഹബൂബ് അബ്‌ദുള്ളയാണ് വിഐപിയെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. പക്ഷെ കാണിച്ച മൂന്നു ഫോട്ടോകളിലൊന്നില്‍ മെഹബൂബിന്റേതുമുണ്ടായിരുന്നെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. വിഐപി താന്‍ അല്ലെന്ന് വ്യക്തിമാക്കിയുള്ള മെഹബൂബിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയാണ് ബാലചന്ദ്രകുമാറിന്റെ പരാമര്‍ശം.

പൊലീസ് വിഐപിയുടെ തൊട്ടടുത്ത് എത്തിയതായി സൂചനയുണ്ട്. നടിയെ ആക്രമിച്ച കേസിൽ വിഐപിക്ക് എത്രത്തോളം പങ്കുണ്ടെന്ന് അറിയില്ലെന്നും ബാലചന്ദ്ര കുമാർ പറഞ്ഞു. കൂടാതെ വിഐപിയെ കാവ്യ മാധവൻ ഇക്ക എന്ന് വിളിച്ച് സംസാരിച്ചിരുന്നായി ബാലചന്ദ്ര കുമാർ പറയുന്നു. 

ഇതിനിടെ ദിലീപ് കേസിലെ വിഐപിയെന്ന് ആരോപിക്കുന്ന കോട്ടയം സ്വദേശി മെഹബൂബ് താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. ദിലീപ് കേസിലെ വി ഐ പി താനല്ലെന്ന് കോട്ടയം സ്വദേശി മെഹബൂബ് അബ്‌ദുള്ള പ്രതികരിച്ചു. മൂന്നു വർഷം മുൻപ് ഖത്തറിൽ ‘ദേ പുട്ട്’ തുടങ്ങാനാണ് ആദ്യമായി ദിലീപിനെ കാണുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണവുമായി സഹകരിക്കാൻ തയാറാറാണ്. ആ വിഐപി താനല്ലെന്ന് തനിക്ക് ഉറപ്പിച്ചുപറയാൻ കഴിയും. ബാക്കി അന്വേഷണത്തിൽ കണ്ടുപിടിക്കട്ടെ. മൂന്ന് വർഷംമുൻപ് ദിലീപിനെ കണ്ടിരുന്നു. വീട്ടിൽ പോയിരുന്നു. അവിടെ കാവ്യയും മാതാപിതാക്കളും ഉണ്ടായിരുന്നു. ചായ കുടിക്കുകയും ബിസിനസ് കാര്യങ്ങൾ സംസാരിക്കുകയും മാത്രമാണ് ചെയ്തതെന്നും മെഹബൂബ് വെളിപ്പെടുത്തി.
  
അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും ആവശ്യമെങ്കില്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും മെഹബൂബ് പറഞ്ഞു. തന്റെ പേരില്‍ വ്യാജപ്രചരണം നടക്കുന്നത് കൊണ്ടാണ് മാധ്യമങ്ങളോട് പ്രതികരിക്കുന്നതെന്നും മെഹബൂബ് കൂട്ടിച്ചേര്‍ത്തു.