മോഫിയാ പര്‍വീണിന്‍റെ ആത്മഹത്യ; കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

mofia suicide
 

കൊച്ചി: ആലുവയിൽ നിയമ വിദ്യാർത്ഥിനിയായ മോഫിയ പര്‍വീണിന്‍റെ ആത്മഹത്യ കേസ് എറണാകുളം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡി.വൈ.എസ്.പി വി.രാജീവിനാണ് അന്വേഷണ ചുമതല. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. നേരത്തെ ആലുവ ഡിവൈഎസ്പി ശിവന്‍കുട്ടിക്കായിരുന്നു കേസിന്റെ അന്വേഷണ ചുമതല.( district crime branch take over mofiya parveen case )

കേസിലെ മൂന്ന് പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്നും പ്രതികളെ വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിരിക്കുന്നത്. കേസില്‍ കൂടുതല്‍ അന്വേഷണം വേണ്ട സാഹചര്യത്തിലാണ് ക്രമസമാധാനപാലനത്തിന്റെ ചുമതലയുള്ള പോലീസില്‍ നിന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. 

ഗാർഹിക പീഡന കേസിലെ പരാതിക്കാരി  മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസ് എടുക്കുന്നതിൽ സിഐയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പൊലീസ് റിപ്പോർട്ട്. ഒക്ടോബർ 29ന് പരാതി കിട്ടിയിട്ടും 25 ദിവസം സിഐ സി എൽ സുധീർ കേസ് എടുത്തില്ലെന്നാണ് വകുപ്പ് തല അന്വേഷണത്തിലെ കണ്ടെത്തൽ. സിഐ സുധീർ മകളെ നീ മാനസിക രോഗിയല്ലെ എന്ന് വിളിച്ച് അപമാനിച്ചെന്ന  ഗുരുതര ആരോപണവുമായി അമ്മ പ്യാരിയും രംഗത്ത് വന്നിട്ടുണ്ട്.  

തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന മൊഫിയ (21) തിങ്കളാഴ്ച വൈകീട്ടാണ് സ്വന്തം വീട്ടില്‍ ആത്മഹത്യചെയ്തത്. ഏഴ് മാസം മുന്‍പാണ് മുഹമ്മദ് സുഹൈലുമായി മൊഫിയയുടെ വിവാഹം കഴിഞ്ഞത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലായതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിവാഹം നടത്തുകയായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായി മൊഫിയ പരാതി നല്‍കിയിരുന്നു. സ്ത്രീധനം വേണ്ടെന്നു പറഞ്ഞ് വിവാഹം നടത്തിയ ശേഷം 40 ലക്ഷം രൂപ ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ട്.

മൊഫിയയുടെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ ഭര്‍ത്താവിനേയും ഭര്‍തൃമാതാവിനേയും ഭര്‍തൃപിതാവിനേയും ചൊവ്വാഴ്ച രാത്രി ബന്ധുവീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ റിമാന്‍ഡ് ചെയ്തു. 

അതിനിടെ, സിഐ സി.എൽ സുധീറിനെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്. കോൺഗ്രസ് ബഹുജന മാർച്ച് നടത്തി. കോൺഗ്രസിന്റെ മാർച്ച് എസ്പി ഓഫിസിന് സമീപം തടഞ്ഞു. പൊലീസിന് നേരെ കല്ലേറും നടന്നു. ബാരിക്കേഡ് തകർക്കാൻ പ്രവർത്തകരുടെ ശ്രമത്തിനിടെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് സംഭവത്തിൽ പരുക്കേറ്റു. എസ് പി ഓഫീസിന് മുന്നിൽ മോഫിയയുടെ സഹപാഠികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എസ് പി ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച മോഫിയയുടെ സഹപാഠികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഉൾപ്പെടെയുളളവർ ഇടപെട്ടതിനെ തുടർന്ന് വിദ്യാർത്ഥികളെ വിട്ടയച്ചു.