ജീവനക്കാരെ ഭാഷയുടെ പേരില്‍ വിഭജിച്ച് കാണുന്ന നിലപാട് പരിഷ്കൃത സമൂഹത്തിന് ‌യോജിച്ചതല്ല: മുഖ്യമന്ത്രി

മുഖ്യമന്ത്രി കൂടുതൽ കരുത്താനായി ഇന്ന് തലസ്ഥാനത്ത്; ഗവർണറെ കാണും

തിരുവനന്തപുരം: ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രിയില്‍ നഴ്സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കിയതില്‍ പ്രതിഷേധവുമായി മുഖ്യമന്ത്രി.  മലയാളത്തെ മാത്രം തിരഞ്ഞുപിടിച്ച് ഒഴിവാക്കിയത് വൈവിധ്യങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റ‌മാണ്. ഭാഷയുടെ പേരില്‍ ജീവനക്കാരെ വേര്‍തിരിച്ച് കാണാനും വിഭജിക്കാനുള്ള ശ്രമത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണം. വൈകിയാണെങ്കിലും ശരിയായ നിലപാട് സ്വീകരിക്കാന്‍ തയാറായ അധികാരികളെ അഭിനന്ദിക്കുന്നതായും പിണറായി ഫെയ്സ്ബുക്കില്‍ കുറിച്ചു. 


ഡൽഹിയിലെ ജി.ബി പന്ത് ആശുപത്രിയിൽ നഴ്സുമാർ മലയാളം സംസാരിക്കരുതെന്ന സർക്കുലർ ഇന്നലെ വൈകിട്ടാണ് ആക്ടിങ് നഴ്‌സിങ് സൂപ്രണ്ട് ഇറക്കിയത്. ആശയ വിനിമയത്തിന് ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ് ഉപയോഗിച്ചില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാല്‍ നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്ന് വലിയ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ അധികൃതര്‍ സർക്കുലർ പിൻവലിക്കുകയായിരുന്നു. ആരാണ് സർക്കുലർ പാസ്സാക്കിയതെന്നത് ഉൾപ്പടെയുടെ കാര്യങ്ങൾ വ്യക്തമാക്കി റിപ്പോർട്ട്‌ നൽകാൻ ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ ആവശ്യപ്പെട്ടിരുന്നു.

മലയാളികളുടെ മാതൃഭാഷ ആയ മലയാളം ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ്‌. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിയുമുണ്ട്. അത്തരത്തില്‍ ഉന്നതമായ സ്ഥാനത്തുള്ള മലയാള ഭാഷയെ മാത്രം തിരഞ്ഞു പിടിച്ച് അത് ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്ന തരത്തിൽ ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം ഉത്തരവിറക്കുന്നത് നമ്മുടെ വൈവിധ്യങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റമാണ്. 

നമ്മുടെ സംസ്കാരത്തിനും ജനാധിപത്യത്തിനും നിരക്കാത്ത ഈ ഉത്തരവ് വൈകിയാണെങ്കിലും പിന്‍വലിച്ചത് അഭിനന്ദനാര്‍ഹമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഭാഷയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ വേര്‍തിരിച്ച് കാണുകയും അവരെ തമ്മില്‍ വിഭജിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ അതിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.