അണുവിമുക്തമാക്കിയ ശസ്ത്രക്രിയ ഉപകരണത്തില്‍ തൊട്ടു; മെഡിക്കല്‍ കോളജില്‍ ജീവനക്കാരിയെ ഡോക്ടര്‍ തൊഴിച്ചെന്ന് പരാതി

medical college
 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വനിതാ ജീവനക്കാരിയെ തൊഴിച്ചെന്ന് പരാതി. അണുവിമുക്തമാക്കിയ ശസ്ത്രക്രിയ ഉപകരണത്തില്‍ സ്പര്‍ശിച്ചതിനാണ് ഒാര്‍ത്തോ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. പ്രമോദ്, നഴ്സിങ് അസിസ്റ്റന്റിനെ ആക്രമിച്ചത്. 

സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാര്‍ സൂപ്രണ്ട് ഒാഫിസ് ഉപരോധിച്ചു. ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എന്‍ജിഒ യൂണിയന്റെ പേരില്‍ ആശുപത്രിയില്‍ പോസ്റ്ററുകള്‍ പതിച്ചു.
  
ഇന്ന് രാവിലെ ഓപ്പറേഷന്‍ തീയേറ്ററിനുള്ളില്‍ വച്ചായിരുന്നു സംഭവം. സര്‍ജറിക്ക് തയ്യാറായി നില്‍ക്കുന്നതിനിടെ ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടര്‍ പ്രമോദാണ് നഴ്‌സിങ് അസിസ്റ്റന്റിനെ മൂന്ന് തവണ കാലുകൊണ്ട് തൊഴിച്ചതായാണ് പരാതി.

ഒരു തവണ അബദ്ധവശാല്‍ തട്ടി മാറ്റിയാല്‍ ക്ഷമിക്കാമായിരുന്നു. തുടരെ തുടരെ അക്രമിക്കുന്ന രീതി ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായതായി എന്‍ജിഒ ജീവനക്കാര്‍ പറയുന്നു. ഒരിക്കല്‍ അണുവിമുക്തമാക്കിയ ഉപകരണങ്ങള്‍ വീണ്ടും അണുവിമുക്തമാക്കാനും മറ്റു വകുപ്പുതല നടപടികള്‍ക്കും സാധ്യതയുണ്ടായിരിക്കെയാണ് വനിതാ ജീവനക്കാരിയെ ഡോക്ടര്‍ ആക്രമിച്ചതെന്നാണ് പരാതി.

സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ സൂപ്രണ്ടിന് എന്‍ജിഒ യൂണിയന്‍ പരാതി നല്‍കിയിട്ടുണ്ട്. ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്നാണ് എന്‍ജിഒ യൂണിയന്റെ ആവശ്യം.
ആഭ്യന്തര അന്വേഷണത്തില്‍, പെട്ടെന്നുണ്ടായ പ്രകോപനമായിരുന്നുവെന്ന് ഡോക്ടർ വിശദീകരിച്ചു. സംഭവത്തിൽ ജീവനക്കാരി പൊലീസില്‍ പരാതി നൽ‌കിയിട്ടില്ല. ജീവനക്കാരിയെ സമ്മര്‍ദത്തിലാക്കി പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്.