കുത്തിവയ്പ്പിനിടെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ക്ക് നായയുടെ കടിയേറ്റു

dogs
 

 
പത്തനംതിട്ട:
കുത്തിവയ്പ്പിനിടെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ക്ക് നായയുടെ കടിയേറ്റു. പത്തനംതിട്ട ഏഴംകുളത്താണ് സംഭവമുണ്ടായത്. തേപ്പുപാറ വെറ്റിനറി സബ് സെൻറർ ഉദ്യോഗസ്ഥൻ നൗഫൽ ഖാനാണു കടിയേറ്റത്. കുത്തിവെപ്പിന് കൊണ്ടുവന്ന നായ നൗഫലിന്റെ കാലിൽ കടിക്കുകയായിരുന്നു.

ഏഴംകുളം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടന്ന പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പിനിടെ ആയിരുന്നു സംഭവം. ഈട്ടിമൂട് കുലശ്ശേരി 27-ാം നമ്പർ അംഗൻവാടിയിൽ വെച്ച് നടത്തിയ കുത്തിവെപ്പിലാണ് നൗഫലിന് വളർത്തുനായയുടെ കടിയേറ്റത്. ഏനാദിമംഗലം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിൽസ തേടിയ നൗഫൽ പ്രതിരോധ വാക്സിൻ സ്വീകരിക്കുകയും ചെയ്തു.


ഇന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായയുടെ ആക്രമണമുണ്ടായി. കോട്ടയത്ത് മാത്രം മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കോട്ടയം പാമ്പാടി ഏഴാം മൈലില്‍ ഒരു വീട്ടമ്മ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്.
 
വീട്ടിനുള്ളില്‍ വെച്ചാണ് ഏഴാം മൈല്‍ സ്വദേശി നിഷാ സുനിലിനെ നായ കടിച്ചത്. നായവരുന്നത് കണ്ട് വീടിനുള്ളിലേക്ക് ഓടി കയറി നിഷയെ പിന്നാലെ വന്ന് കടിക്കുകയായിരുന്നു. സമീപവാസികളായ മറ്റ് രണ്ട് പേര്‍ക്കും നായുടെ കടിയേറ്റു. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.