×

ഭക്ഷ്യാവകാശത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്: ബിനോയ് വിശ്വം

google news
.

ജനങ്ങള്‍ക്ക് അവകാശമാക്കപ്പെട്ട ഭക്ഷണത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കം അങ്ങേയറ്റം അപലപനീയമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്രസര്‍ക്കാരിന്റെ ഏജന്‍സികള്‍ മുഖേന ഭാരത് അരി വിതരണം ചെയ്യാനുള്ള നീക്കം ഫെഡറല്‍ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്. കേന്ദ്രസര്‍ക്കാര്‍ നിബന്ധനകള്‍ പ്രകാരം റേഷന്‍ നിഷേധിക്കപ്പെടുന്ന കേരളത്തിലെ ജനങ്ങളില്‍ 57 ശതമാനത്തിനും 4 രൂപ, 10 രൂപ 90 പൈസ എന്നീ നിരക്കുകളില്‍ സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ നല്‍കിവരുന്നുണ്ട്. 

ഇതിന് മതിയായ ഭക്ഷ്യധാന്യം അനുവദിക്കാത്ത കേന്ദ്രസര്‍ക്കാരാണ് 29 രൂപയ്ക്ക് ഭാരത് അരിയുമായി രംഗത്ത് വന്നിട്ടുള്ളത്. അധിക ഭക്ഷ്യധാന്യ സ്റ്റോക്ക്, ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്‌കീം മുഖേന നടക്കുന്ന ലേലത്തില്‍ പങ്കെടുക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അന്യായമായ വിലക്കാണ് കേന്ദ്രസര്‍ക്കാര്‍ എഫ്.സി.ഐ. മുഖേന ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിലൂടെ മുന്‍കാലങ്ങളില്‍ സപ്ലൈകോ വിലയ്ക്ക് വാങ്ങി 23 മുതല്‍ 25 വരെ രൂപയ്ക്ക് സബ്സിഡി നിരക്കില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിവന്നിരുന്ന അരിയാണ് 29 രൂപയ്ക്ക് നല്‍കുന്നത്. 

ഗുണഭോക്താക്കളുടെ വിരലടയാളം പതിപ്പിച്ച് ആധികാരികതയോടെയും കൃത്യമായ അളവിലും ഗ്രാമഗ്രാമാന്തരങ്ങളിലും ഭക്ഷ്യധാന്യ വിതരണം നടത്തിവരുന്ന ന്യായവില ഷോപ്പുകളെയും കേരളത്തിന്റെ മാതൃകാപരമായ വിപണി ഇടപെടല്‍ ശൃംഖലയേയും മറികടന്നുകൊണ്ട് റേഷന്‍ കാര്‍ഡ് പോലും ബാധകമാക്കാതെ നടത്തുന്ന ഭാരത് അരി വിതരണം തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണ്.  വിദ്വേഷവിഭജനരാഷ്ട്രീയ ശക്തികള്‍ അവരുടെ പരീക്ഷണശാലയാക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്ന തൃശ്ശൂരിലാണ് ഈ നാടകത്തിന്റേയും അരങ്ങേറ്റം എന്നത് യാദൃശ്ചികമല്ല.

രാഷ്ട്രീയപ്രചരണത്തിന് പ്രയോജനപ്പെടുംവിധം പ്രധാനമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്ത ഫ്ളക്സ് ബോര്‍ഡുകള്‍ സംസ്ഥാനത്തെ 14113 റേഷന്‍ കടകളിലും സ്ഥാപിക്കാനും 553  റേഷന്‍കടകളെ  'സെല്‍ഫി പോയിന്റു' കളായി ഉപയോഗിക്കാനും ലോഗോ പതിപ്പിച്ച 10 കിലോയുടെ ക്യാരിബാഗുകളില്‍ അരി വിതരണം ചെയ്യാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഇത്തരം തരംതാണ നടപടികള്‍ മോദി സര്‍ക്കാരിന്റെ അധികാര പ്രമത്തതയുടെ വിശ്വരൂപം വെളിവാക്കുന്നു. ഈ നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് ആവശ്യപ്പെടുന്നു. 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags